| Saturday, 27th July 2024, 1:02 pm

ചൈനയുടെ കൊവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് യു.എസ് സമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ചൈനീസ് കൊവിഡ് വാക്‌സിനിനെക്കുറിച്ച് തങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് യു.എസ് സമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

ഫിലിപ്പൈന്‍സിലും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ചൈനയുടെ സിനോവാക് വാക്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് രഹസ്യമായി ചില പ്രചരണങ്ങള്‍ നടത്തിയതായി യു.എസ് സൈന്യം സമ്മതിച്ചതായിട്ടാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് വാക്‌സിനായ സിനോവാക് ഷോട്ട് വ്യാജമാണെന്ന് ഫിലിപ്പീന്‍സുകാരെ വിശ്വസിപ്പിക്കാന്‍ പെന്റഗണ്‍ നൂറുകണക്കിന് വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘സിനോവാക്കിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും ചോദ്യം ചെയ്തുകൊണ്ട് ഫിലിപ്പീന്‍സിലെ ആളുകള്‍ക്ക് പ്രതിരോധ വകുപ്പ് സന്ദേശം അയച്ചുവെന്നത് ശരിയാണ്,’ എന്നായിരുന്നു പെന്റഗണ്‍ അധികൃതര്‍ ജൂണ്‍ 25 ന് ഫിലിപ്പൈന്‍സിലേക്ക് അയച്ച കത്തില്‍ പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് സംബന്ധമായ ചില സന്ദേശങ്ങള്‍ കൈമാറിയ കാര്യത്തില്‍ തങ്ങള്‍ ചില തെറ്റുകള്‍ വരുത്തി എന്ന് പെന്റഗണ്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും 2021 അവസാനത്തോടെ അത്തരം സന്ദേശങ്ങള്‍ അയക്കുന്നത് തങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

ഫിലിപ്പൈന്‍സില്‍ സിനോവാക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെ 2020-ലാണ് യു.എസ്, വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം ആരംഭിച്ചത്.

ചൈനയുടെ വാക്‌സിന് ഫലപ്രദമല്ലെന്ന് പ്രചരിപ്പിക്കാനായി കുറഞ്ഞത് 300 വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പെന്റഗണ്‍ ഫ്‌ലോറിഡയിലെ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സ് സെന്ററിനോട് ആവശ്യപ്പെട്ടു, എന്നായിരുന്നു കഴിഞ്ഞ മാസം റോയിട്ടേഴ്സ് വെളിപ്പെടുത്തിയത്.

‘കൊവിഡ് വന്നത് ചൈനയില്‍ നിന്നാണ്, വാക്‌സിനും വന്നത് ചൈനയില്‍ നിന്നാണ്, ചൈനയെ വിശ്വസിക്കരുത്!” psyops ടീം സൃഷ്ടിച്ച ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റിന് ഒരാള്‍ നല്‍കിയ മറുപടി. ‘ചൈനയില്‍ നിന്ന് പി.പി.ഇ കിറ്റ്, മാസ്‌ക്, വാക്‌സിന്‍. ഇതെല്ലാം വ്യാജമാണ്. എന്നാല്‍ കൊറോണ വൈറസ് യാഥാര്‍ത്ഥ്യമാണ് ‘ എന്നായിരുന്നു.

സുരക്ഷിതമല്ലാത്ത വാക്സിനില്‍ നിന്ന് ഫിലിപ്പീനികളെ സംരക്ഷിക്കുകയല്ല, മറിച്ച് ചൈനയെ കരിവാരിത്തേക്കലാണ് തങ്ങളുടെ ലക്ഷ്യത്തിന് പിന്നിലെന്ന് ഈ വ്യാജ പ്രചരണത്തില്‍ ഏര്‍പ്പെടുത്തിരുന്ന ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പ്രചരണം വൈകാതെ ഫിലിപ്പൈന്‍സിന് പുറത്തേക്കും വ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മധ്യേഷ്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള മുസ്‌ലീങ്ങളോട് സിനോവാക്കില്‍ പന്നിയിറച്ചി ജെലാറ്റിന്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ അത് ‘ഹറാം’ അല്ലെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധമാണെന്നും പറഞ്ഞായിരുന്നു പ്രചരണം.

അതേസമയം ഫിലിപ്പീന്‍ സൈന്യത്തിന് തങ്ങള്‍ കത്തയച്ച കാര്യം പെന്റഗണന്‍ പരസ്യമായി അംഗീകരിച്ചിട്ടില്ല. യു.എസിലെയും ഫിലിപ്പൈന്‍സിലെയും സര്‍ക്കാരുകള്‍ തങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.

‘കൊവിഡുമായി ബന്ധപ്പെട്ട് യു.എസിനെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ യു.എസ് സൈന്യം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊവിഡ് 19ന്റെ വ്യാപനത്തില്‍ യു.എസിനെ കുറ്റപ്പെടുത്തുന്ന ചൈനീസ് സര്‍ക്കാരിനെതിരായ രാജ്യത്തിന്റെ പ്രതിരോധമാണ് ഇത്, എന്നായിരുന്നു കഴിഞ്ഞ മാസം, ഒരു പെന്റഗണ്‍ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

ചൈനയെക്കുറിച്ച് യു.എസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ ചൈനീസ് വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഫിലിപ്പൈന്‍സില്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം നടന്ന ഒരു ഹിയറിംഗില്‍, കമ്മിറ്റിയെ നയിക്കുന്ന സെനറ്റര്‍ ഇമീ മാര്‍ക്കോസ്, പെന്റഗണിന്റെ ചൈനീസ് വാക്‌സിനെതിരായ ക്യാമ്പയിന്‍ അതീവ അപകടമാണെന്നും തെറ്റായതാണെന്നും അധാര്‍മ്മികമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. വാഷിങ്ടണിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഫിലിപ്പൈന്‍സിന് കഴിയുമോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കൊവിഡ് മാരകമായി പടര്‍ന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഫിലിപ്പീന്‍സ്. അവിടെ ചൈനീസ് വാക്‌സിന്റെ സ്വാധീനം കാര്യമായി വര്‍ദ്ധിച്ചുവരുന്നെന്ന തിരിച്ചറിവിന് പിന്നാലായാണ് യു.എസ് സൈന്യം ഒരു രഹസ്യപ്രചരണം ആരംഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈന വിതരണം ചെയ്യുന്ന വാക്‌സിനുകളുടെയും മറ്റ് ജീവന്‍രക്ഷാ സഹായങ്ങളുടെയും സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് സംശയം വിതയ്ക്കാനാണ് പ്രചരണം ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്സ് അന്വേഷണത്തില്‍ കണ്ടെത്തി.

ഫിലിപ്പീനികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ, സൈന്യം പ്രചാരണം നടത്തി. വൈകാതെ ഒരു ആന്റി-വാക്‌സിന്‍ ക്യാമ്പയിനായി അത് മാറി.

ഫെയ്സ് മാസ്‌കുകള്‍, ടെസ്റ്റ് കിറ്റുകള്‍, എന്നിവയെ സംബന്ധിച്ചും ഫിലിപ്പൈന്‍സില്‍ ലഭ്യമാകുന്ന ആദ്യത്തെ വാക്സിനായ ചൈനയുടെ സിനോവാക് ഗുണനിലവാരം ഇല്ലാത്തതാണെന്നുമുള്ള പോസ്റ്റുകള്‍ സൈന്യം പ്രചരിപ്പിക്കുകയായിരുന്നു.

Pentagon ran secret anti-vax campaign to undermine China during pandemic reuters report

We use cookies to give you the best possible experience. Learn more