യെമനിലെ സൈനിക ആക്രമണം യു.കെ മാധ്യമങ്ങൾ ചോർത്തി; യു.എസിന് അമർഷമെന്ന് ടെലിഗ്രാഫ്
World News
യെമനിലെ സൈനിക ആക്രമണം യു.കെ മാധ്യമങ്ങൾ ചോർത്തി; യു.എസിന് അമർഷമെന്ന് ടെലിഗ്രാഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 3:41 pm

വാഷിങ്ടൺ: യെമനിൽ ആക്രമണം നടത്താനുള്ള തീരുമാനം ബ്രിട്ടീഷ് സർക്കാർ യു.കെയിലെ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തതിൽ യു.എസ് അധികൃതർ അമർഷം രേഖപ്പെടുത്തിയതായി ടെലിഗ്രാഫ് റിപ്പോർട്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡിസംബർ 11ന് രാവിലെ 11 മണിയോടെ അടിയന്തിര ക്യാബിനറ്റ് യോഗത്തിൽ സൈനിക നീക്കത്തിന് അനുമതി നൽകാനുള്ള തീരുമാനം അറിയിച്ചതായി ടെലിഗ്രാഫിന്റെ ലേഖനത്തിൽ പറയുന്നു.

സാധാരണ, യുദ്ധവിമാനങ്ങൾ തങ്ങളുടെ സൈനിക താവളങ്ങളിൽ തിരിച്ചെത്തിയാൽ മാത്രമേ ഇത്തരം ആക്രമണങ്ങളെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്താറുള്ളൂ.

യോഗത്തെ കുറിച്ചും അതിലെ അജണ്ടയെ കുറിച്ചും ദി ടൈംസിന് വളരെ പെട്ടെന്ന് വിവരം ലഭിച്ചിരുന്നു. മണിക്കൂറുകൾക്കകം യു.കെയും യു.എസും ആക്രമണം നടത്തുമെന്ന് അവർ റിപ്പോർട്ട് ചെയ്തു.

യു.എസ് സൈന്യം യു.കെയോട് തങ്ങളുടെ ശക്തമായ എതിർപ്പ് അറിയിച്ചു എന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. എങ്ങനെയാണ് വിവരം ചോർന്നതെന്ന് അന്വേഷിക്കുകയാണ് യു.കെ സർക്കാർ എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സൈനിക ആക്രമണത്തിന് ഒരുങ്ങുന്നത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പരസ്യ പ്രതികരണം നടത്താൻ യു.എസ് തയ്യാറായിട്ടില്ല.

ഡിസംബർ 11ന് ഇരു രാജ്യങ്ങളും യെമനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ചെങ്കടലിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഹൂത്തികൾ ഉപയോഗിക്കുന്ന ഡ്രോണുകളും മിസൈലുകളും നിർമിക്കുന്ന കേന്ദ്രങ്ങൾ തകർത്തതായി യു.എസ് വൈറ്റ് ഹൗസ് അറിയിച്ചു.

Content Highlight: Pentagon ‘frustrated’ with UK over Yemen leak – Telegraph