| Saturday, 11th May 2024, 7:31 pm

നൈജറില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പെന്റഗണ്‍. യു.എസുമായുള്ള സൈനിക കരാര്‍ നൈജര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പെന്റഗണ്‍ സൈന്യത്തെ പിന്‍വലിക്കുന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നൈജറിന്റെ പുതിയ നേതാക്കള്‍ രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സൈനിക കരാര്‍ റദ്ദാക്കുന്നത്.

1000 യു.എസ് സൈനികരെ നൈജറില്‍ നിന്ന് പിന്‍വലിക്കാന്‍ ഔദ്യോഗികമായി പെന്റഗണ്‍ ഉത്തരവിട്ടതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി തലസ്ഥാന നഗരമായ നിയാമിയിലെ ബേസ് 101ല്‍ റഷ്യന്‍ സൈന്യത്തിന്റെ ഏതാനും സംഘങ്ങള്‍ തമ്പടിച്ച് വരുന്നുണ്ട്. ഇവര്‍ അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന അതേ വ്യോമതാവളത്തില്‍ താമസിക്കുന്നതിനാലാണ് ഉത്തരവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2022ല്‍ ഒപ്പുവെച്ച സൈനിക കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മാര്‍ച്ച് 17ന് നൈജര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജ്യത്തെ യു.എസ് സൈന്യത്തിന്റെ നിയമവിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂമും അദ്ദേഹത്തിന് മുമ്പുള്ള നൈജീരിയന്‍ ഗവണ്‍മെന്റുകളും യു.എസ് സൈന്യത്തിന് രാജ്യത്ത് പ്രവര്‍ത്തിക്കാനും നൈജീരിയന്‍ സേനയെ പരിശീലിപ്പിക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളും അബ്ദുറഹ്‌മാന്‍ ചിയാനിയുടെ നേതൃത്വത്തിലുള്ള സായുധ സേനാംഗങ്ങളും യു.എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഉണ്ടായത്.

നിലവില്‍ നൈജര്‍ അയല്‍രാജ്യമായ ബുര്‍ക്കിന ഫാസോയുമായും മാലിയുമായും ഒരു ത്രികക്ഷി പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ ഒരു സൈനിക ആക്രമണം ഉണ്ടായാല്‍ ഏകീകൃതമായി പ്രതിരോധിക്കാന്‍ മൂന്ന് സൗഹൃദ രാജ്യങ്ങളെയും ഈ കരാര്‍ സഹായിക്കും.

Content Highlight: Pentagon forced to withdraw US troops from Niger

We use cookies to give you the best possible experience. Learn more