ഗുവാഹത്തി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.
അരുണാചലിനും ടിബറ്റിനുമിടയിലുള്ള തര്‍ക്കമേഖലയില്‍ കഴിഞ്ഞ വര്‍ഷം 100 വീടുകളുള്ള ഗ്രാമം ചൈന സ്ഥാപിച്ചതായി യു.എസ് പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ വിവരിക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.