സനാ: ചെങ്കടലിൽ ഹൂത്തികൾ അണ്ടർ വാട്ടർ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് യു.എസ് സേന.
ഡ്രോണുകൾ യു.എസിന്റെ നാവിക കപ്പലുകൾക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും ഇതാദ്യമായാണ് യെമനി സേന വിന്യസിച്ച അണ്ടർ വാട്ടർ ഡ്രോണുകൾ ശ്രദ്ധയിൽപ്പെടുന്നതെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിൽ ജലത്തിനടിയിലെ ഒരു ഡ്രോൺ തകർത്തിരുന്നുവെന്ന് സെന്റ്കോം നേരത്തെ അവകാശപ്പെട്ടിരുന്നു.
യുഎസ് നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ക്രൂയിസ് മിസൈലുകളും ഒരു യു.എസ്.വിയും (അൺമാൻഡ് സർഫസ് വെസൽ) ഒരു യു.യു.വിയും (അൺമാൻഡ് അണ്ടർവാട്ടർ വെസൽ) തകർന്നുവെന്ന് യു.എസ് അറിയിച്ചിരുന്നു.
‘ഒക്ടോബർ 23 മുതൽ യെമൻ നടത്തുന്ന ആക്രമണങ്ങളിൽ ആദ്യമായാണ് യു.യു.വി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇത് പ്രദേശത്ത് യു.എസ് കപ്പലുകൾക്ക് നേരെയുള്ള ഭീഷണിയാണ് കാണിക്കുന്നത്,’ യു.എസ് കമാൻഡ് അറിയിച്ചു.
അതേസമയം ബ്രിട്ടീഷ് കപ്പലായ റൂബിമാറിന് നേരെ മിസൈലാക്രമണം നടത്തിയതായി യെമനി സേനയുടെ വക്താവായ ബ്രിഗേഡിയർ ജനറൽ യഹിയ സരീ അറിയിച്ചു.
കപ്പലിന് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചുവെന്നും മുങ്ങൽ ഭീഷണിയിലാണെന്നും സരീ അറിയിച്ചു. അതേസമയം കപ്പലിലെ ക്രൂ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
യെമന്റെ പശ്ചിമ തീരപ്രവിശ്യയായ ഹുദൈദയിലൂടെ പറന്ന യു.എസ് ഡ്രോൺ എം.ക്യൂ-9 റീപ്പറിനെ യെമനി എയർ ഡിഫൻസ് യൂണിറ്റ് വെടിവെച്ചിട്ടുവെന്നും സരീ പറഞ്ഞിരുന്നു.
Content Highlight: Pentagon acknowledges Yemeni forces deploy underwater drones in Red Sea for first time