കോഴിക്കോട്: കക്കയം ഡാമിന്റെ പെന്‍സ്റ്റോക്ക് അപകടത്തില്‍. വലിയ പാറക്കഷണങ്ങള്‍ വീണ് പെന്‍സ്റ്റോക്കിന്റെ ഒരുഭാഗം കേടുവന്ന നിലയിലാണ്. ഒരാഴ്ചയിലേറെയായിട്ടും കേടുപാടുകള്‍ പരിഹരിക്കാനുള്ള ഒരു നീക്കവും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
12ാം ബ്ലോക്കിലെ പെന്‍സ്റ്റോക്കിനു മുകളിലാണ് പാറക്കഷണങ്ങള്‍ വീണിരിക്കുന്നത്. വലിയ പാറക്കഷണങ്ങളും കല്ലും അടക്കമുള്ള വസ്തുക്കള്‍ വീണ് പെന്‍സ്റ്റോക്കിന്റെ നട്ടും ബോള്‍ട്ടും ഇളകിയ നിലയിലാണ്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വാര്‍ഡു മെമ്പറടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍ അധികൃതര്‍ ആരും തന്നെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
പാറയ്ക്ക് കുറുകെയാണ് ഈ പെന്‍സ്റ്റോക്ക് സ്ഥാപിച്ചിരിക്കുന്നത്. ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടലോ മണ്ണിടിച്ചലോ ഉണ്ടായാല്‍ തന്നെ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.