എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു
Daily News
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd July 2014, 9:17 am

[] തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 200 രൂപ വീതം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിലവില്‍ 2000, 1000 എന്നിങ്ങനെയാണ് പെന്‍ഷന്‍.

2013ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടത്തെിയ 337 പേരുടെ പട്ടിക യോഗം അംഗീകരിച്ചു. ക്യാമ്പില്‍ പങ്കെടുത്തെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണക്കാക്കാന്‍ കഴിയാത്ത 18 വയസിനു താഴെയുള്ള 932 രോഗികള്‍ക്ക് “ആദ്യകിരണം” പദ്ധതിയില്‍പ്പെടുത്തി സൗജന്യചികിത്സ നല്‍കും.

മെഡിക്കല്‍ ക്യാമ്പുകളില്‍ ദുരിതബാധിതരായി കണക്കാക്കാന്‍ കഴിയാത്തവരും എന്നാല്‍, ഗുരുതര രോഗാവസ്ഥയിലുമുള്ള 128 പേര്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സലഭ്യമാക്കാനും യോഗം തീരുമാനിച്ചതായി കൃഷിമന്ത്രി കെ.പി മോഹനന്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് ജില്ലയില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചികിത്സ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, വൊക്കേഷണല്‍ ട്രെയിനിംഗ്, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള സൗകര്യത്തോടുകൂടിയാകും റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. മൂളിയാര്‍ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള 25 ഏക്കര്‍ സ്ഥലം ഇതിനായി കൈമാറുന്നതിനു കളക്ടറെ ചുമതലപ്പെടുത്തി.

ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒന്നും രണ്ടും ഗഡു കൊടുത്തുകഴിഞ്ഞു. അടുത്ത ഗഡു കൊടുക്കുന്നതിന്   വേണ്ടിവരുന്ന 45 കോടി രൂപയുടെ കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.