| Wednesday, 29th March 2023, 5:19 pm

പെന്‍ഷന്‍ പരിഷ്‌കരണം; ഫ്രാന്‍സില്‍ പ്രതിഷേധത്തിന്റെ പത്താം നാള്‍; 27 പേര് അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ് : ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം. സമരത്തില്‍ പങ്കെടുത്ത 27 പേരെ അറസ്റ്റ് ചെയ്യുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്തുന്നത് അടക്കമുള്ള നിയമത്തിനെതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധം പത്ത് ദിവസമായി തുടരുമ്പോഴാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം സമരത്തെ അടിച്ചമര്‍ത്താന്‍ 13000 ത്തോളം പൊലീസിനെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്.

പൊലീസ് ലിയോണ്‍ സിറ്റിയില്‍ ജലപീരങ്കിയും ലൈല്‍ സിറ്റിയിലെ പ്രതിഷേധത്തിനെതിരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

അതേസമയം പ്രതിഷേധക്കാര്‍ പാരീസിലെ ഗാരെ ഡി ലിയോണ്‍ റെയില്‍വേ സ്‌റ്റേഷനിലൂടെ പന്തം കൊളുത്തി പ്രതിഷേധിക്കുകയും മുമ്പ് പ്രതിഷേധത്തില്‍ കണ്ണ് നഷ്ടപ്പെട്ട ജീവനക്കാരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച മുതല്‍ മൂന്നാഴ്ച്ചത്തേക്ക് മാലിന്യം ശേഖരിക്കില്ലെന്നും ജി.സി.ടി യൂണിയനും അറിയിച്ചു. കൂടുതല്‍ ശക്തമായി സമരത്തെ നയിക്കാനാണ് ഈ തീരുമാനമെന്നും യൂണിയന്‍ പറഞ്ഞു.

അതേസമയം ഞായറാഴ്ച ആരംഭിക്കാനുള്ള ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഫ്രാന്‍സ് സന്ദര്‍ശനം പ്രതിഷേധം കാരണം മാറ്റിവെച്ചു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയമായ പാരീസിലെ ലൂവ്രെയിലേക്കുള്ള പ്രവേശനവും തിങ്കളാഴ്ച തൊഴിലാളികള്‍ തടഞ്ഞു.

ഈ നിയമം പിന്‍വലിക്കണമെന്ന് തീവ്ര ഇടത് സി.ജി.ടി (ജനറല്‍ കണ്‍ഫഡേഷന്‍ ഓഫ് ലേബര്‍) യൂണിയന്‍ ലീഡറായ ഫിലിപ്പ് മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു. അതേസമയം നിയമം ഇനി ചര്‍ച്ചക്ക് വെക്കില്ലെന്നും ആ സമയം കഴിഞ്ഞുവെന്നും സര്‍ക്കാരിന് വേണ്ടി വക്താവ് ഒലീവിയര്‍ വെരാന്‍ അറിയിച്ചു.

‘ഒന്നും മാറാന്‍ പോകുന്നില്ല, മാക്രോണ്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലുമില്ല,’ സോണ്‍ബോണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ജോ സെക്വേല്ലിയും പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി എലിസബത്ത് ബോര്‍ൺ, മറ്റ് കാബിനറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന നിയമനിര്‍മാതാക്കള്‍ എന്നിവരുമായി തിങ്കളാഴ്ച മാക്രോണ്‍ ചര്‍ച്ച നടത്തി.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 740000 പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസം സമരത്തിന് പങ്കെടുത്തത്. രണ്ട് ദശലക്ഷത്തിലധികം പേര്‍ പ്രതിഷേധിച്ചതായി സി.ജി.ടി യൂണിയന്‍ അറിയിച്ചു.

ജനുവരിയിലായിരുന്നു പ്രധാനമന്ത്രി എലിസബത്ത് ബോര്‍ൺ പുതിയ പെന്‍ഷന്‍ പരിഷ്‌കാരം പ്രഖ്യാപിച്ചത്. പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64 ആയി ഉയര്‍ത്തും, 43 വര്‍ഷം സര്‍വീസിലിരിക്കുന്നവര്‍ക്ക് മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് നിയമത്തിലുള്ളത്. അന്ന് മുതല്‍ പ്രതിഷേധമുണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് മാക്രോണ്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതോട് കൂടി പ്രതിഷേധം രൂക്ഷമാകുകയായിരുന്നു.

content highlight: Pension reform; 10th day of protests in France; Police arrested 27 people

We use cookies to give you the best possible experience. Learn more