കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ പറയുന്നു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായി.
ഓണത്തിന് മുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കാനുളള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.
കാസര്‍ഗോഡ് എടനീരിലെ ഫാത്തിമയുടെ നാല് സഹോദരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. മറ്റ് വരുമാനമില്ലാത്തതിനാല്‍ പെന്‍ഷനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. കുടുംബനാഥന്‍ കിടപ്പില്‍ ആയതോടെ മറ്റ് വരുമാനമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്.
1200 മുതല്‍ 2200 രൂപ വരെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പും സഹായധനം മുടങ്ങിയിരുന്നു. അന്ന് പട്ടിണി സമരം അടക്കം നടത്തിയതോടെയാണ് പെന്‍ഷന്‍ നല്‍കിയത്.