പെന്‍ഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തണമെന്ന് ആര്യാടന്‍ മുഹമ്മദ്
Kerala
പെന്‍ഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തണമെന്ന് ആര്യാടന്‍ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2013, 2:16 pm

[] മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

പെന്‍ഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് 58 ആക്കിയെങ്കിലും ഉയര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബി യിലും കെ.എസ്.ആര്‍.ടി.സി യിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തനിക്ക് അധികാരമുണ്ടെന്നും താന്‍ ഉയര്‍ത്തുമെന്നും ആര്യാടന്‍ മലപ്പുറത്ത് പറഞ്ഞു.

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞിരുന്നുവെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ധനമന്ത്രിയുടെ അധികാരത്തില്‍പ്പെട്ടതാണെന്നും ഇതില്‍ നേരത്തേ രാഷ്ട്രീയ തീരുമാനം വേണ്ടെന്നും ധനമന്ത്രി കെ.എം മാണി പറഞ്ഞിരുന്നു.

2013 ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിരുന്നു. 2013 ബജറ്റ് പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം മാണി ഇക്കാര്യം പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ കാലയളവിന് മുമ്പ് ജോലിക്ക് പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴും 56 ആയി തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.