വാക്കാട് ഫാക്ടറി ഡിവിഷനും ദേവികുളം ഫാക്ടറി ഡിവിഷനും ഇടയിലുള്ള പ്രദേശത്ത് ആഘോഷപ്രകടനവും നന്ദിപ്രകടനവും നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുമായി എ.ഐ.ടി.യു.സി, സി.ഐ.ടിയു ഊരു തലവന്മാരുടെ നേതൃത്വത്തിലുള്ള സംഘം വാക്കേറ്റമുണ്ടാക്കുകയായിരുന്നു. നേരത്തെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നതും പിന്നീട് പിണങ്ങി പിരിഞ്ഞതുമായ സ്ത്രീകളും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വാക്കേറ്റം കനത്തതോടെ ആക്രമി സംഘം പെമ്പിളൈ പ്രവര്‍ത്തകര്‍ക്ക് നേരെ കത്തിയോങ്ങുകയും തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോമതിയെ നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗോമതിയ്ക്ക് പരിക്കേറ്റത്. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ഗോമതി അടക്കമുള്ളവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു.
അതേസമയം സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ആഘോഷപ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തുണ്ടായിട്ടും ഇത്തരത്തിലൊരാക്രമണം തടയാന്‍ പോലീസിന് സാധിച്ചില്ല. മാത്രവുമല്ല പരിക്കേറ്റ ഗോമതിയെ ആശുപത്രിയിലേക്കെത്തിക്കുന്നതിന് പകരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.