കോഴിക്കോട്: പുലഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്തവരെ കൈകാര്യം ചെയ്തതിന് കോഴിക്കോട്ടെ “പെണ്‍കൂട്ട്” പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസബ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയ ആറോളം പെണ്‍കൂട്ട് പ്രവര്‍ത്തകരെ പിന്നീട് വനിതാ സ്‌റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്ക് ശേഷം കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു.
കോഴിക്കോട്ടെ മിഠായി തെരുവിലെ അസംഘടിത സ്ത്രീ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന “പെണ്‍കൂട്ട്” എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കാണ് ഈ ഗതി വന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന പരിപാടികള്‍ക്കുവേണ്ടി മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ ധനസമാഹരണത്തിനിറങ്ങിയതായിരുന്നു പെണ്‍കൂട്ട് പ്രവര്‍ത്തകര്‍. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ചിലര്‍ ഇവരുടെ ചുറ്റും കൂടുകയും അശ്ലീല കമന്റ് പറയാനും അധിക്ഷേപിക്കാനും ആരംഭിച്ചു. “എത്രയാണ് വില? പൈസ തരാം, വണ്ടിയുണ്ട്, കൂടെ വരുന്നോ?” തുടങ്ങിയ ചോദ്യങ്ങളുമായാണ് ചിലര്‍ ചുറ്റുംകൂടിയത്. പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ചെറിയ ആണ്‍കുട്ടിയെ ചുറ്റും കൂടിയവരില്‍ ചിലര്‍ പിടിച്ചു വലിക്കാന്‍ കൂടി ആരംഭിച്ചപ്പോള്‍ സഹിക്കെട്ട പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ അക്രമികളെ അടിച്ചോടിച്ചു. മിനുട്ടുകള്‍ക്കു ശേഷം അടികിട്ടിയ ചിലര്‍ പോലീസില്‍ പരാതിപ്പെടുകയും പെണ്‍കൂട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷവും ഇവര്‍ക്കെതിരെ കേസെടുക്കുകയോ പോകാന്‍ അനുവദിക്കുകയോ ചെയ്തില്ല. വിവരമറിഞ്ഞ് ചാനലുകാരും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാരും സ്ഥലത്തെത്തി. ഇതിനിടയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തി ഇവരുമായി കാര്യങ്ങള്‍ സംസാരിക്കവെ, സംഭവമറിഞ്ഞ് അന്വേഷി പ്രസിഡന്റ് കെ. അജിതയും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവരെ കേസൊന്നും കൂടാതെ വിട്ടയക്കുകയായിരുന്നു.
ഒരു കുട്ടിയെയും രണ്ടു സ്ത്രീകളെയും അരമണിക്കൂറിനകം ആറുപേര്‍ ഉപദ്രവിച്ചതല്ല കുറ്റം, അതിനെതിരെ പ്രതികരിച്ചതാണ് കുറ്റം. പുരുഷന്റെ മേല്‍ സ്ത്രീയുടെ കൈ ഉയര്‍ന്നതാണ് എല്ലാവരെയും ചൊടിപ്പിച്ചത്-പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്നലെ നഗരത്തില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്ത രണ്ടു പേരെ പെണ്‍കൂട്ടം പ്രവര്‍ത്തകര്‍ പിടിക്കുകയും ഒരാളെ പോലീസിനെയും മറ്റൊരാളെ ട്രാഫിക് പോലീസിനെയും ഏല്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ച് ഇന്ന് അന്വേഷിച്ചപ്പോള്‍ ട്രാഫിക് പോലീസിനെ ഏല്‍പ്പിച്ച ആളെ കാണാതായെന്ന വിവരമാണ് ലഭിച്ചതെന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ഇന്നലെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പിടികൂടി ഏല്‍പ്പിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ കാണാതായ ആള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇത്തരത്തിലുള്ള അനാസ്ഥയും നിരുത്തരവാദ പരമായ സമീപനവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന സാഹചര്യത്തില്‍ തങ്ങള്‍ ഇനിയും നഗരത്തില്‍ സ്ത്രീകള്‍ക്കു നേരയുണ്ടാകുന്ന അക്രമത്തിനെതിരെ പ്രതികരിക്കുമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.