| Tuesday, 27th October 2015, 2:24 pm

പെണ്‍കള്‍ ഒട്രുമൈ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല; ലതികാ സുഭാഷിന്റേത് പൊള്ളയായ അവകാശവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്


മൂന്നാര്‍: തദ്ദേശതെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും തങ്ങള്‍ പിന്മാറുമെന്നും, യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുമെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പെണ്‍കള്‍ ഒട്രുമൈ. ഈ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും യാതൊരുമുന്നണികളുമായും സഖ്യമില്ലെന്നും പെണ്‍കള്‍ ഒട്രുമൈ നേതാവ് ലിസി സണ്ണി വ്യക്തമാക്കിയതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പെണ്‍കള്‍ ഒട്രുമൈ മത്സരരംഗത്തു നിന്ന് പിന്മാറുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷാണ് ഇന്നലെ പറഞ്ഞത്. ഇവര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും ലതിക അവകാശപ്പെട്ടിരുന്നു.

പെണ്‍കള്‍ ഒട്രുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ 39 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെല്ലാം ഊര്‍ജ്ജിതമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും, മിക്ക സ്ഥലങ്ങളിലും യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് തങ്ങളുടെ എതിരാളികളെന്നും പെണ്‍കള്‍ ഒട്രുമൈ പ്രവര്‍ത്തകര്‍ പറയുന്നു.

കണ്ണന്‍ദേവന്‍ തേയിലക്കമ്പനിയുടെ ചൂഷണത്തിനും അവകാശ നിഷേധത്തിനുമെതിരായി, അവരുടെ പിണിയാളുകളായ ട്രേഡ് യൂണിയനുകളെ ഒഴിവാക്കി 5000ലേറെ സ്ത്രീകളാണ് പെണ്‍കള്‍ ഒട്രുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം ചെയ്തിരുന്നത്. മിനിമം വേതനം, ബോണസ് എന്നിങ്ങനെയുള്ള ഇവരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാതെ താല്‍ക്കാലിക ആശ്വാസങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് തങ്ങുളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലെത്തിക്കാനും, പരിഹാരം കാണാനും ഭരണതലത്തില്‍ പ്രാതിനിധ്യം വേണം എന്ന ബോധ്യത്തോടെയാണ് പെണ്‍കള്‍ ഒട്രുമൈ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more