അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല; പ്ലസ് ടുവിന്റെ കാര്യം രണ്ട് ദിവസത്തിനുള്ളില്‍
national news
അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല; പ്ലസ് ടുവിന്റെ കാര്യം രണ്ട് ദിവസത്തിനുള്ളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2020, 11:05 pm

ന്യൂദല്‍ഹി: അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകള്‍ നടത്തില്ലെന്ന് കേന്ദ്രമാനവശേഷി മന്ത്രാലയം. കേരളത്തില്‍ സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷ നേരത്തെ പൂര്‍ത്തിയായിരുന്നു. കലാപം നടന്ന ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലകളിലെ സ്‌കൂളുകളില്‍ നടക്കാതെപോയ പ്രധാനപ്പെട്ട ആറു വിഷയങ്ങളിലെ പരീക്ഷ മാത്രമേ നടത്തുവെന്ന് മാനവശേഷിമന്ത്രി രമേശ് പൊഖ്‌രിയാല്‍ നിഷാങ്ക് പറഞ്ഞു.

അവശേഷിക്കുന്ന പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകളുടെ കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ റദ്ദാക്കിയിട്ടില്ലെന്ന് സി.ഐ.സി.എസ്.ഇ അറിയിച്ചു. ലോക്ഡൗണ്‍ അവസാനിച്ച് എട്ടുദിവസത്തിനകം പരീക്ഷാതീയതി പ്രഖ്യാപിക്കുമെന്നാണ് ഐ.സി.എസ്.ഇ ബോര്‍ഡിന്റെ നിലപാട്.

അതേസമയം, ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തുമെന്നും രമേഷ് പൊക്രിയാല്‍ അറിയിച്ചു. ഈ മാസം മൂന്നിന് നടക്കേണ്ട പരീക്ഷ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്‌സ്ഡ് പരീക്ഷ ഓഗസ്റ്റ് മാസമായിരിക്കും നടക്കുക.

നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ എഡിറ്റ് ചെയ്യുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റി നല്‍കുന്നതിനുമുള്ള സമയമപരിധി നീട്ടിയതായും മന്ത്രി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.