പെനാല്‍ട്ടിയാണല്ലോ ഇപ്പോള്‍ പ്രശ്‌നം; അതില്‍ മോശക്കാരന്‍ മെസി, എംബാപ്പെയേക്കാള്‍ മികച്ചവന്‍ നെയ്മറും മറ്റൊരു സൂപ്പര്‍ താരവും; കണക്കുകള്‍ പറയുന്നതിങ്ങനെ
Football
പെനാല്‍ട്ടിയാണല്ലോ ഇപ്പോള്‍ പ്രശ്‌നം; അതില്‍ മോശക്കാരന്‍ മെസി, എംബാപ്പെയേക്കാള്‍ മികച്ചവന്‍ നെയ്മറും മറ്റൊരു സൂപ്പര്‍ താരവും; കണക്കുകള്‍ പറയുന്നതിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th August 2022, 3:06 pm

ലീഗ് വണ്ണിലെ പി.എസ്.ജിയുടെ രണ്ടാം മത്സരം മോണ്ട്‌പെല്ലയറിനെതിരെയായിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി എതിരാളികളെ തച്ചുതകര്‍ത്തത്.

ഇരട്ട ഗോളുമായി നെയ്മര്‍ തിങ്ങിയ മത്സരത്തില്‍ സാക്കോ, സാഞ്ചസ്, എംബാപെ എന്നിവരും ഫ്രഞ്ച് ടീമിനായി ഗോള്‍ നേടി. വാഹ്ബി കാസ്രിയും എന്‍സോ ചാറ്റോയുമായിരുന്നു മോണ്ട്‌പെല്ലയറിനായി വലകുലുക്കിയത്.

നെയ്മറിന്റെ രണ്ടാം ഗോള്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു പിറന്നത്. പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നേടിയെടുത്ത പെനാല്‍ട്ടി ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തില്‍ പി.എസ്.ജിക്കായി മറ്റൊരു പെനാല്‍ട്ടി അവസരവും ലഭിച്ചിരുന്നു. ഫ്രഞ്ച് താരം എംബാപ്പെയായിരുന്നു കിക്ക് എടുത്തത്. എന്നാല്‍ താരത്തിന് കിക്ക് ലക്ഷ്യത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പി.എസ്.ജിക്ക് അഞ്ച് ഗോള്‍ മാത്രമായത്.

രണ്ടാം പെനാല്‍ട്ടിയെടുക്കാനും എംബാപ്പെ മുന്നോട്ടുവന്നിരുന്നു. താന്‍ പെനാല്‍ട്ടിയെടുക്കാമെന്ന് കിക്ക് എടുക്കാന്‍ തയ്യാറായി നിന്ന നെയ്മറിനോട് പറയുകയും എന്നാല്‍ കാനറി താരം അതിനനുവദിക്കാതെ കിക്ക് എടുക്കുകയും വലയിലാക്കുകയുമായിരുന്നു.

എന്നാല്‍ തന്നെ കിക്ക് എടുക്കാന്‍ സമ്മതിക്കാത്തതില്‍ എംബാപെ വളരെ നിരാശനായിരുന്നു. ആ നിരാശ പരസ്യമായി തന്നെ പ്രകടമാക്കിയ താരം ആ ദേഷ്യം ഡ്രസ്സിങ് റൂം വരെ കൊണ്ടെത്തിക്കുകയും അവസാനം സ്പാനിഷ് സൂപ്പര്‍ താരം റാമോസിന് ഇടപെടേണ്ടിയും വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, പെനാല്‍ട്ടി കിക്ക് എടുക്കുന്നതില്‍ എംബാപ്പെയെക്കാള്‍ എന്തുകൊണ്ടും മികച്ചവന്‍ നെയ്മര്‍ തന്നെയാണെന്ന് ഫുട്‌ബോള്‍ ലോകം എതിര്‍പ്പുകളേതും കൂടാതെ സമ്മതിച്ചുതരുന്ന കാര്യമാണ്. എന്നാല്‍ പി.എസ്.ജിയില്‍ സൂപ്പര്‍ താരങ്ങളുടെ പെനാല്‍ട്ടിയിലെ സക്‌സസ് റേറ്റ് എത്രയാണെന്ന് കണക്കുകള്‍ നിരത്തി പരിശോധിക്കാം.

ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ് എന്നീ താരങ്ങളുടെ പെനാല്‍ട്ടി കണ്‍വേര്‍ഷന്‍ റേറ്റുകള്‍ നോക്കാം.

പി.എസ്.ജിയില്‍ ഏറ്റവും മികച്ച രീതിയില്‍ പെനാല്‍ട്ടി വലയിലെത്തിക്കുന്നത് നെയ്മറാണ്. കരിയറില്‍ 86 പെനാല്‍ട്ടി ഇതുവരെ നേടിയ നെയ്മര്‍ അതില്‍ 75 എണ്ണവും വലയിലെത്തിച്ചിട്ടുണ്ട്. അതായത് താരത്തിന്റെ സക്‌സസ് റേറ്റ് 87 ശതമാനമാണ്.

റയലിന്റെ മുന്‍ ഇതിഹാസ താരവും സ്പാനിഷ് പ്രതിരോധ മതിലിന്റെ കാവല്‍ക്കാരനുമായ സെര്‍ജിയോ റാമോസാണ് പെനാല്‍ട്ടി വലയിലെത്തിക്കുന്നതില്‍ രണ്ടാമതായി മികച്ചു നില്‍ക്കുന്ന പി.എസ്.ജിക്കാരന്‍.

കരിയറില്‍ 35 പെനാല്‍ട്ടിയെടുത്ത റാമോസ് അതില്‍ 30 എണ്ണവും ഗോളാക്കി മാറ്റിയിട്ടുണ്ട്. കണ്‍വേഷന്‍ റേറ്റില്‍ നെയ്മറിന് തൊട്ടുപിന്നിലുള്ള റാമോസിന്റെ സക്‌സസ് റേറ്റ് 85.71 ആണ്.

എംബാപ്പെയാണ് ലിസ്റ്റിലെ മൂന്നാമന്‍. കരിയറില്‍ ഇതുവരെ 25 പെനാല്‍ട്ടികള്‍ മാത്രമാണ് എംബാപ്പെ എടുത്തിട്ടുള്ളത്. അതില്‍ ഇരുപതെണ്ണവും വലയിലാക്കിയ എംബാപ്പെയുടെ സക്‌സസ് റേറ്റ് 80 ശതമാനമാണ്.

കൂട്ടത്തിലെ നാലാമനാണ് മള്‍ട്ടിപ്പിള്‍ ടൈംസ് ബാലണ്‍ ഡി ഓര്‍ വിന്നറായ സാക്ഷാല്‍ ലയണല്‍ മെസി. ഇതുവരെ 134 പെനാല്‍ട്ടിയെടുത്ത മെസി അതില്‍ 104 എണ്ണവും ഗോളിയെ മറികടന്ന് വലയിലാക്കിയിട്ടുണ്ട്. സക്‌സസ് റേറ്റാവട്ടെ 78 ശതമാനവും.

ടീമിലെ പെനാല്‍ട്ടി കണ്‍വേര്‍ഷന്‍ റേറ്റില്‍ എംബാപ്പെയാക്കാള്‍ എത്രയോ മുന്നിലാണ് സീനിയര്‍ താരങ്ങള്‍. ശതമാനക്കണക്കില്‍ മെസിയെ മാത്രമാണ് എംബാപ്പെയ്ക്ക് തോല്‍പിക്കാന്‍ സാധിച്ചിട്ടുള്ളുവെങ്കില്‍ കൂടിയും മെസി എടുത്ത പെനാല്‍ട്ടി കിക്കുകളുടെ പകുതിയുടെ പകുതി പോലും എംബാപ്പെ എടുത്തിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

നിലവില്‍ ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണെങ്കിലും താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കം ടീം സ്പിരിറ്റിനെ ബാധിച്ചേക്കാം. പരസ്പര വൈരം മറന്ന് താരങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഫ്രഞ്ച് ഭീമന്‍മാര്‍ക്ക് സുഖമായി ജയിക്കുകയും ചെയ്യാം.

 

Content Highlight: Penalty success rate of PSG super Stars