ജി.എസ്.ടി കുറച്ചിട്ടും വില കുറക്കാത്തതില്‍ പതഞ്ജലിക്ക് 75 കോടി പിഴ
national news
ജി.എസ്.ടി കുറച്ചിട്ടും വില കുറക്കാത്തതില്‍ പതഞ്ജലിക്ക് 75 കോടി പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 3:07 pm

മുംബൈ: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്ക് 75.1 കോടിയുടെ പിഴ ചുമത്തി ദേശീയ കൊള്ളലാഭ അതോറിറ്റി (എന്‍.എ.എ). ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

കമ്പനി പുറത്തിറക്കുന്ന സോപ്പുപൊടിക്ക് 2017 മുതല്‍ ജി.എസ്.ടി നിരക്ക് കുറച്ചിട്ടും വില വര്‍ധിപ്പിച്ചാണ് പതഞ്ജലി വിറ്റുകൊണ്ടിരുന്നത്. പത്ത് ശതമാനത്തോളം ജി.എസ്.ടി നിരക്ക് കുറച്ചിരുന്നു. എന്നാല്‍, ആ കുറവ് വില്‍പനയില്‍ വരുത്താന്‍ കമ്പനി തയ്യാറായില്ലെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.

മൂന്ന് മാസത്തിനകം കേന്ദ്ര-സംസ്ഥാന ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴ നല്‍കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

പതഞ്ജലി സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതഞ്ജലിയുടെ ജനപ്രിയത നഷ്ടപ്പെട്ടതും കെടുകാര്യസ്ഥതയും രാംദേവിന് തിരിച്ചടിയാവുന്നെന്നായിരുന്നു വിവരം.

ബാബ രാംദേവ് വലിയ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങളുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ