| Thursday, 19th November 2020, 5:40 pm

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 2000; പുതിയ നിര്‍ദ്ദേശവുമായി അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം എല്ലാ സ്വകാര്യ ആശുപത്രികളിലെയും 80 ശതമാനം ഐസിയുകളും, 60 ശതമാനം നോണ്‍ ഐസിയു വാര്‍ഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഗുരുതരമല്ലാത്ത ശസ്ത്രക്രിയകളുടെ തീയതി നീട്ടിവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം.

‘നിങ്ങള്‍ ഇപ്പോഴാണ് മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും ആമയെപ്പോലെയായിരുന്നു നിങ്ങള്‍ നീങ്ങിയത്.’ കോടതി ചോദിച്ചിരുന്നു.

‘വിവാഹഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ എന്തിനാണ് പതിനെട്ട് ദിവസം കാത്തുനിന്നത്? ഈ സമയത്തിനുള്ളില്‍ എത്ര പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്?’ എന്നും ദല്‍ഹി സര്‍ക്കാരിനോട് കോടതി ആവര്‍ത്തിച്ചു.

ദല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 200ല്‍ നിന്നും 50 ആയി കുറക്കുകയായിരുന്നു. ഈ നടപടി സ്വീകരിക്കാന്‍ വൈകിയതിനെതിരെയാണ് കോടതി രംഗത്തെത്തിയത്.

മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഈടാക്കുന്ന പിഴ ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ തക്ക ശക്തമായതല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പല ജില്ലകളിലും വ്യത്യസ്തമായ രീതിയിലാണ് ഈ നിയന്ത്രണങ്ങളും പിഴയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aravind Kejriwal On Reforms In Covid Protocol

We use cookies to give you the best possible experience. Learn more