റിയാദ്: മതനിന്ദ നടത്തിയെന്നാരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച ബ്ലോഗര്‍ റെയ്ഫ് ബദാവിക്ക് “പെന്‍ പിന്റര്‍” പുരസ്‌കാരം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നല്‍കപ്പെടുന്ന പുരസ്‌കാരമാണിത്. ബ്രിട്ടീഷ് എഴുത്തുകാരനായ ജെയിംസ് ഫെന്റണും ബദാവിക്കൊപ്പം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നൊബേല്‍ ജേതാവായ ഹരോള്‍ഡ് പിന്ററുടെ ഓര്‍മക്കായി 2009ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
റെയ്ഫിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് റെയ്ഫിനായി പുരസ്‌കാരമേറ്റുവാങ്ങിയ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വേല്‍സ് പറഞ്ഞു.
10 വര്‍ഷത്തെ തടവും ആയിരം ചാട്ടയടിയുമാണ് റെയ്ഫിന് ശിക്ഷയായി സൗദി കോടതി വിധിച്ചിരുന്നത്. അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് 50 അടികള്‍ നല്‍കിയ ശേഷം റെയ്ഫിനുള്ള ചാട്ടയടി സൗദി നിര്‍ത്തിയിരുന്നു. 2012ലാണ് റെയ്ഫിനെ ജയിലിലാക്കിയത്.
അന്താരാഷ്ട്ര സംഘടനയായ ആംനസറ്റി ഇന്റര്‍നാഷണലടക്കം ശിക്ഷ പിന്‍വലിക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ടിരുന്നു. റെയ്ഫിനെതിരായ ശിക്ഷാ വിധി റദ്ദ് ചെയ്യണമെന്ന് മുന്നിട്ടിറങ്ങിയ സംഘടനകളിലൊന്നാണ് ആംനസ്റ്റി.