Advertisement
Kerala News
'ജോയ്‌സ് ജോർജ് മത്സരിക്കുന്നത് സഭയുടെ ബലത്തിൽ': ഇടുക്കി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 12, 01:31 pm
Tuesday, 12th March 2019, 7:01 pm

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ച് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുമാകും ഗോമതി മത്സരിക്കുക. ഇടതുപക്ഷ സ്ഥാനാർത്ഥി ജോയ്‌സ് ജോർജ് ഉൾപ്പെടെയുള്ളവരുടെ ഭൂമി കയ്യേറ്റവും തൊഴിലാളികൾ ഏറെകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് തന്നെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഗോമതി പറഞ്ഞു. ജോയ്‌സ് ജോർജ് എം.പിയെപോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് സ്ഥലം കയ്യേറി ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ വീണ്ടും ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയുള്ള തന്റെ പ്രതിഷേധമാണ് ഈ തീരുമാനമെന്നും ഗോമതി ഡൂൾ ന്യൂസിനോട് പറഞ്ഞു.

Also Read പി.ജയരാജന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ രക്ഷപ്പെടുന്നത് എന്തുകൊണ്ട്?

നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തന്റെ തീരുമാനമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പിന്തുണയുമായി എത്തിയാൽ ആലോചിച്ച് താൻ തീരുമാനമെടുക്കുമെന്നും ഗോമതി പറഞ്ഞു. “എനിക്കിവിടുത്തെ ജനങ്ങളോട് സംസാരിക്കണം. ഇവിടുത്തെ രാഷ്ട്രീയക്കാരെക്കുറിച്ചും അവർ ചെയുന്ന കൊള്ളരുതായമകളെക്കുറിച്ചും ജനങ്ങളോട് പറയണം. എനിക്ക് ജനങ്ങളോട് പറയാനായി ഒരുപാട് കാര്യങ്ങളുണ്ട്. അതിനുള്ള ഒരു വേദി എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അതിനുവേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്.”

“സ്ഥലം കയ്യേറിവെച്ച ജോയ്‌സ് ജോർജിനെ പോലുള്ള ആൾക്കാരെ വീണ്ടും സ്ഥാനാത്ഥിയാക്കുകയാണ്. അതൊക്കെ എനിക്ക് ജനങ്ങളോട് സംസാരിക്കണം. ചില പാർട്ടിയുടെ വക്താക്കൾ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട്. കമ്മിറ്റികളിൽ പങ്കെടുത്ത് അക്കാര്യം ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കും.” ഗോമതി ഡൂൾ ന്യൂസിനോട് വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ പേരിലല്ല, സഭയുടെ പിന്തുണയോടെയാണ് ജോയ്‌സ് ജോർജ് മത്സരിക്കാൻ ഇറങ്ങുന്നതെന്നും ഗോമതി കുറ്റപ്പെടുത്തി.

Also Read പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപണം; കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ – വീഡിയോ

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ ജോയ്‌സ് ജോർജിന് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, തോറ്റാലും ജയിച്ചാലും തനിക്ക് അത് വിഷയമല്ലെന്നും രാഷ്ട്രീയക്കാരുടെ തട്ടിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗോമതി പറഞ്ഞു. മത്സരിക്കുന്നതിന് സാമ്പത്തിക ചിലവ് വളരെ അധികമാണെന്നും അതിനാൽ പണമാണ് ഇപ്പോൾ തനിക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും ഗോമതി പറഞ്ഞു. മത്സരിക്കുന്നതിന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി ജനങ്ങളിൽ നിന്നും ധനശേഖരണം നടത്താൻ താൻ ആലോചിക്കുന്നുണ്ടെന്നും ഗോമതി പറയുന്നു.