മൂന്നാര്‍: അയല്‍വാസിയായ യുവാവില്‍ നിന്നും വധഭീഷണിയുള്ളതായി പെമ്പിള്ളെ ഒരുമൈ നേതാവ് ഗോമതി. സെല്‍വക്കനി എന്ന ഓട്ടോ ഡ്രൈവറാണ് രണ്ട് ദിവസമായി വധഭീഷണി മുഴക്കുന്നതെന്ന് ഗോമതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“”അയാളെ എനിക്ക് അറിയില്ല. അയാളുമായി യാതൊരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ മുതല്‍ അയാള്‍ എന്നെ കൊല്ലും എന്ന് പറഞ്ഞ് നടക്കുകയാണ്. ഏഴ് കൊല ചെയ്തിട്ടുണ്ട്. പൊലീസ് എന്റെ പോക്കറ്റിലാണ്. എന്നെ പൊലീസ് ഒന്നും ചെയ്യില്ല എന്നൊക്കെയാണ് അയാള്‍ പറയുന്നത്. ഇക്കാര്യം പൊലീസിനെ വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് ഇവിടെ വന്നുപോയി എന്നല്ലാതെ മറ്റൊരു നടപടിയും എടുത്തില്ല.
ഇന്നലെ രാവിലെ വീട്ടിന് മുന്‍പില്‍ വന്ന് നിന്നെ കൊല്ലാതെ വിടത്തില്ല എന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ എസ്.ഐയെ വിളിച്ച് കാര്യം പറഞ്ഞു. എസ്.ഐ ഇപ്പോള്‍ വരാം എന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഞാന്‍ സ്റ്റേഷനില്‍ നേരിട്ട് പോയി. 10 മണിക്ക് അവിടെക്ക് വരാം നിങ്ങള്‍ പോയ്‌ക്കോളൂ എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ അതിന് ഞാന്‍ തയ്യാറായില്ല.
ഇന്നലെ മുതല്‍ ഒരാള്‍ കൊല്ലുമെന്ന് പറഞ്ഞ് നടക്കുകയാണ്. ഒരു സ്ത്രീ ഇക്കാര്യം നിരന്തരം പൊലീസിനെ വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങള്‍ നടപടിയെടുക്കുന്നില്ലെന്ന് അവരോട് ചോദിച്ചു. ഏഴ് കൊല ചെയ്തു എന്ന് അയാള്‍ തന്നെ പറയുന്നു. ജയിലില്‍ കിടന്ന ആളാണ്. എന്തിനാണ് എന്നെ വധിക്കുമെന്ന് പറയുന്നത് എന്നറിയില്ല. സ്‌റ്റേഷനില്‍ വെച്ച് പ്രശ്‌നമുണ്ടായിക്കിയപ്പോള്‍ അവര്‍ വണ്ടിയെടുത്ത് വന്നു.
പരാതി എഴുതി നല്‍കാനും പറഞ്ഞു. പരാതി മലയാളത്തില്‍ എഴുതി നല്‍കാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ പിന്നെ എങ്ങനെ കേസെടുക്കുമെന്നായിരുന്നു അവരുടെ ചോദ്യം. തുടര്‍ന്ന് അവര്‍ ടൗണില്‍ വന്ന് തിരിച്ചുപോയി. “പൊലീസ് വന്നാലും നിന്നെ വിടില്ല” എന്ന് അയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എം.എല്‍.എയും ബ്ലോക്ക് മെമ്പറും തന്റെ കൂടെയാണെന്നാണ് അയാള്‍ പറയുന്നത്.””- ഗോമതി പറയുന്നു.
രാത്രിയിലൊക്കെ വീടിന്റെ ജനലിന് തട്ടി പേടിപ്പിക്കുകയാണ്. ഇവിടെ ഞാന്‍ തനിച്ചാണ്. അയാളുടെ രണ്ട് മക്കളുണ്ട്. കേസുകൊടുത്ത് അകത്തിടൂ എന്നാണ് അവരും പറയുന്നത്. എന്റെ വീടിന്റെ പിറകിലുള്ള വീടാണ് അയാളുടേത്. ഗോമതിയെ മൂന്നാറില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിപ്പിക്കണം എന്ന് എം.എല്‍.എ പറഞ്ഞെന്നാണ് അയാള്‍ വിളിച്ചുപറയുന്നത്. അതിന്റെ കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യാന്‍ തുടങ്ങിയെന്നും അയാള്‍ പറയുന്നു.
ഇന്ന് വീണ്ടും സ്റ്റേഷനില്‍ പോയി തമിഴില്‍ പരാതി എഴുതിക്കൊടുക്കാനാണ് തീരുമാനം. അവിടെ മലയാളത്തില്‍ എഴുതാന്‍ ആളില്ലെന്നാണ് അവര്‍ പറയുന്നത്. തമിഴില്‍ എഴുതി ഫോട്ടോ എടുത്ത് കൊടുക്കും. ഇന്ന് രാവിലെയും “വിടത്തില്ല നിന്നെ ഞാന്‍ എന്ന്” അയാള്‍ പറയുന്നുണ്ടായിരുന്നു. എത്ര ദിവസം അയാളെ പേടിച്ച് ഞാന്‍ ഇരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വധഭീഷണി മുഴക്കുന്നത് എന്ന് അറിയില്ല.
പെമ്പിള്ളൈ ഒരുമൈ സമര നേതൃത്തിലുണ്ടായിരുന്ന മനോജിന്റെ ലോറിയിലോ ബൈക്കിലോ കഞ്ചാവ് വെക്കും എന്നൊക്കെയാണ് അയാള്‍ പറയുന്നത്. ഇതിന്റെ പിറകില്‍ എന്തോ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്””- ഗോമതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിലും ഗോമതി രംഗത്തെത്തിയിരുന്നു. പെമ്പിളൈ ഒരുമൈ സമരത്തിനുശേഷം എസ്റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകക്ക താമസം തുടങ്ങിയെങ്കിലും മൂന്നാറിലെ ചില പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടെനിന്ന് ഇറക്കിവിടുകയായിരുന്നെന്നും ഗോമതി ആരോപിച്ചിരുന്നു.
സി.പി.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതി മന്ത്രിക്കെതിരെ സമരം ചെയ്തതോടെ കോളനിയില്‍ ജീവിക്കാന്‍ കഴിയാതെവന്നെന്നാണ് ഗോമതി പറയുന്നത്. തുടര്‍ന്നാണ് മൂന്നാര്‍ എം.ജി കോളനിയില്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്.