| Monday, 26th November 2018, 10:39 pm

ജമ്മു കാശ്മീര്‍; പെല്ലറ്റ് ആക്രമണത്തിനിരയായി 19 മാസം പ്രായമുള്ള ഹിബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയ്ക്ക് 19 മാസം പ്രായമുള്ള ഹിബ എന്ന പെണ്‍കുട്ടിയുടെ കണ്ണിന് പരിക്ക്. ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരിക്ക് പറ്റിയതായി ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഗ്രേറ്റര്‍ കാശ്മീരിനോട് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് കണ്ണീര്‍ വാതക ഷെല്‍ വന്നു വീഴുകയും ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. “ഞാന്‍ വാതില്‍ തുറന്നയുടന്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഉതിര്‍ത്തു. കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഞാന്‍ അവളുടെ മുഖത്ത് കൈ വച്ചു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവളുടെ മുഖം പെല്ലറ്റു കൊണ്ട് വികൃതമാവുകയായിരുന്നു”- കുട്ടിയുടെ അമ്മ മര്‍സല നിസാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മര്‍സലയുടെ കൈകളിലും പെല്ലറ്റ് പതിച്ചിട്ടുണ്ട്.

ഹിബയുടെ പെല്ലറ്റ് പതിച്ച കണ്ണിന് കാഴ്ച നഷ്ടപെട്ടേക്കാമെന്ന് ശ്രീ മഹാരാജാ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ ഹിബയെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ വര്‍ഷം സംസ്ഥാനത്ത് 145 സാധാരണക്കാരും 241 തീവ്രവാദികളും ഉള്‍പ്പടെ 529 ആളുകളാണ് കൊല്ലപ്പെട്ടതെന്ന് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കുല്‍ഗാം ജില്ലയിലെ ഹിപുര ബടഗുണ്ടിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും, ആറ് തീവ്രവാദികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന പമ്പ് ആക്ഷന്‍ ഗണുകള്‍, പെല്ലറ്റ് തോക്കുകള്‍ എന്നിവയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജമ്മു കാശ്മീരില്‍ നിരവധി സാധാരണക്കാരാണ് ഇവയുടെ ഉപയോഗത്തിനിരയാകുന്നത്.

We use cookies to give you the best possible experience. Learn more