17കാരനായ മുഹമ്മദ് ഷാനവാസ് ആലമിന്റെ ലോകം ഇനി ഇരുട്ടിലാണ്. കശ്മീരിലെ പെല്ലറ്റ് ആക്രമണത്തിന്റെ ഒടുവിലത്തെ ഇര. ആലമിന്റെ ചോര കട്ടപിടിച്ചുകിടക്കുന്ന കണ്ണുകളിലും പെല്ലറ്റ് ആക്രമണത്തിന്റെ അവശേഷിപ്പുകളുള്ള മുഖത്തും ഈ കൗമാരക്കാരന്‍ അനുഭവിക്കുന്ന വേദനയും സങ്കടവും പ്രതിഫലിക്കുന്നുണ്ട്.
ബീഹാറിലെ അരാറിയ ജില്ലക്കാരനായ ആലം കഴിഞ്ഞ മാസമാണ് തൊഴില്‍തേടി സഹോദരനോടൊപ്പം കശ്മീരിലെത്തിയത്. പുല്‍വാമയിലെ മുറാന്‍ ചൗക്കില്‍ റൂം വാടകയ്‌ക്കെടുത്ത് കൂടെ ജോലിചെയ്യുന്നവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍.
മെയ് 24ന് വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലം, രാത്രി ഭക്ഷണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോകവെയായിരുന്നു അക്രമണമുണ്ടായത്. സാക്കിര്‍ മൂസ്സയെ സൈന്യം വധിച്ചതിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയായിരുന്നു സൈന്യത്തിന്റെ പെല്ലെറ്റാക്രമണമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രതിഷേധങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ ഞാനാകെ ഭയന്നു. എനിക്കെന്റെ വീട്ടിലേക്ക് തിരിച്ച് പോയാല്‍ മതിയെന്ന് തോന്നി. എല്ലാം ഒന്ന് തണുത്തപ്പോള്‍ ഞാന്‍ മെയ്ന്‍ റോഡിലേക്കിറങ്ങി. അപ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ തൊടുത്തുവിട്ട പെല്ലറ്റുകള്‍ എന്റെ മുഖത്ത് വന്നു പതിച്ചു’, ആലം പറയുന്നു.
പെല്ലറ്റാക്രമണത്തിന് ഇരയായി നിലത്തുവീണ ആലമിനെ സമീപവാസികളാണ് പുല്‍വാമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഡോക്ടര്‍മാര്‍ ആലമിനെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലേക്കയച്ചു.
ശ്രീനഗറിലെ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിച്ചതിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്ന് അലാം പറയുന്നു. ‘ഈദിന് മുമ്പ് വീട്ടിലേക്ക് കുറച്ച് പണമയച്ചുകൊടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനുവേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍, ഇതോടെ എന്റെ എല്ലാ പദ്ധതിയും തകര്‍ന്നു’, ആലം കൂട്ടിച്ചേര്‍ത്തു.
സഹോദരന്‍ അഹമ്മദാണ് ആലമിന്റെ കൂടെയുള്ളത്. ‘ഞാനോ എന്റെ അയല്‍വാസികളോ പെല്ലറ്റ് ആക്രമണമെന്ന് കേട്ടിട്ടിപോലുമില്ല. പെല്ലറ്റുകള്‍ എന്റെ സഹോദരന്റെ മുഖമാകെ കീറിമുറിച്ചിരിക്കുന്നു. അവന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ശബ്ദം കൊണ്ടുമാത്രമാണ് അവന്‍ എന്നെ തിരിച്ചറിയുന്നത്’, അഹമ്മദ് പറയുന്നതിങ്ങനെ
ആലമിന്റെ കണ്ണുകള്‍ക്ക് ഇനി ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ട്. കണ്ണുകളില്‍ വളരെ ആഴത്തില്‍ പെല്ലറ്റുകള്‍ പതിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ കാഴ്ച തിരിച്ചുകിട്ടുന്ന കാര്യം സംശയത്തിലാണ്. കശ്മീരിന്റെ ഭംഗിയെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ടായിരുന്ന ആലം ഇനിയെങ്ങനെ അവ ആസ്വദിക്കുമെന്നും അഹമ്മദ് ചോദിക്കുന്നു. ജമ്മു കശ്മീര്‍ ഭരണാധികള്‍ ചികിത്സയ്ക്കുള്ള സഹായം ചെയ്യുമെന്നാണ് വിശ്വാസമെന്ന് സഹോദരന്‍ പറയുന്നു.
കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന പമ്പ് ആക്ഷന്‍ ഗണുകള്‍, പെല്ലറ്റ് തോക്കുകള്‍ എന്നിവയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജമ്മു കശ്മീരില്‍ നിരവധി സാധാരണക്കാരാണ് ഇവയുടെ സൈന്യം പെല്ലറ്റാക്രമണത്തിനിരയാക്കുന്നത്.