ഫിഫ വേള്‍ഡ് കപ്പ് 2022ല്‍ അര്‍ജെൈന്റെന്‍ ഇതിഹാസം ലയണല്‍ മെസി കപ്പുയര്‍ത്തണമെന്നായിരുന്നു പെലെ ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ മകള്‍ കെലി നാസിമെന്റോ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നാസിമെന്റോ ഇക്കാര്യം പങ്കുവെച്ചത്.
ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് സെറിമണിയുടെ ഭാഗമായിരുന്നു നാസിമെന്റോ. അവിടെ വെച്ച് ലയണല്‍ മെസിയുടെ പങ്കാളിയായ ആന്റൊണെല റൊക്കുസോയെ കണ്ടുമുട്ടിയിരുന്നെന്നും അവരോട് താന്‍ ഇക്കാര്യം പങ്കുവെച്ചെന്നുമാണ് നാസിമെന്റോ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
റൊക്കുസോയുമായുള്ള ചിത്രം പങ്കുവെച്ചാണ് നാസിമെന്റെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇതാണ് സുന്ദരിയായ ആന്റൊണെല്ലാ റൊക്കുസോ, മെസിയുടെ ഭാര്യ. എനിക്ക് മെസിയെ കണ്ടുമുട്ടാനുള്ള അവസരമുണ്ടായിരുന്നില്ല, അതുകൊണ്ട് റൊക്കുസോയോട് ഇടപഴകാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാനൊരു സന്ദേശം പങ്കുവെച്ചിരുന്നു.
ബ്രസീല്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങിയപ്പോള്‍, അച്ഛന്റെ അവസ്ഥ കൂടുതല്‍ വഷളായിത്തുടങ്ങിയിട്ടുണ്ടായിരുന്നു. എല്ലാവരും ആഗ്രഹിച്ചിരുന്നത് അച്ഛന് വേണ്ടി ബ്രസീല്‍ ലോകകപ്പ് നേടണമെന്നായിരുന്നു.
പക്ഷേ മറ്റാരെക്കാളും അച്ഛന് അറിയാമായിരുന്നു, സോക്കര്‍ എങ്ങനെയിരിക്കുമെന്ന്. ഏത് ടീം വേണമെങ്കിലും വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു.
ബ്രസീല്‍ തോല്‍വി വഴങ്ങിയപ്പോള്‍ എല്ലാവരും ആശുപത്രിയില്‍ അച്ഛനെ കാണാന്‍ വരുമായിരുന്നു. ലോകകപ്പ് ഫൈനല് വരെ അവിടെ പലരുമുണ്ടായിരുന്നു. എല്ലാവരും അച്ഛനോട് ചോദിക്കും ആര് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന്.
അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, അര്‍ജന്റീന ജയിക്കണമെന്നാണ്. വേള്‍ഡ് കപ്പ് ട്രോഫി സൗത്ത് അമേരിക്കയിലേക്ക് തിരികെയെത്തണമെന്നും മെസി വേള്‍ഡ് കപ്പ് നേടണമെന്നും അച്ഛന്‍ പറഞ്ഞു,’ നാസിമെന്റോ കുറിച്ചു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെലെക്ക് ടെലിവിഷനില്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ അര്‍ജന്റീന ജയിച്ചതും മെസി കപ്പുയര്‍ത്തിയതും അദ്ദേഹം അറിയുന്നുണ്ടായിരുന്നെന്നും നാസിമെന്റോ കൂട്ടിച്ചേര്‍ത്തു.