ലോകത്തുള്ള കായിക പ്രേമികളെല്ലാം ജാതി-മത-നിറ ഭേദമന്യേ ആസ്വദിക്കുന്ന കളിയാണ് ഫുട്‌ബോള്‍. നിറഞ്ഞ മനസും തെളിഞ്ഞ ശരീരവുമായി ടീമിലെ 11 കളിക്കാരും ഒരൊറ്റ ലക്ഷ്യത്തിനായി ഓടുന്നത് കാണാന്‍ തന്നെ ഭംഗിയാണ്.
ഫുട്‌ബോള്‍ ലോക ജനതയെ തന്നെ ഒന്നിപ്പിക്കുന്ന ഒരു ഗെയ്മാണ്. ലോകത്തിന്റെ ഏല്ലാ കോണിലും ഫുട്‌ബോളിന് ആരാധകരുമുണ്ട്. താരങ്ങളെ അവര്‍ വീക്ഷിക്കുന്നതും ഇഷ്ടപ്പെടുന്നതും അവരുടെ കളിയുടെ പേരിലായിരിക്കണം.
എന്നാല്‍ പല ആരാധകരും അത് മറക്കാറുണ്ട്. ഫുട്‌ബോളില്‍ അവര്‍ വെറുപ്പിന്റെ രാഷ്ട്രീയം കണ്ട് തുടങ്ങി. കളിയേക്കാള്‍ ഉപരി താരങ്ങളുടെ നിറത്തെയും അവരുടെ മാനറിസത്തെയും ശരീര ഘടനയെയെല്ലാം അവര്‍ പരിഹസിച്ചു. ഇത് കേവലം ഫാന്‍ ഫൈറ്റിന്റെ പേരില്‍ പൊട്ടിമുളക്കുന്നതാണെന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരും നമ്മുക്കിടയില്‍ തന്നെയുണ്ട്.
എന്നാല്‍ ഇത് ആരാധകരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഫുട്‌ബോള്‍ താരങ്ങളിലും ക്ലബ്ബ് മേധാവികളുടെ ഇടയിലുമെല്ലാം ഇത് വെളിവായിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള റേസിസം കമന്റ് നേരിട്ടത് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ യുവ സൂപ്പര്‍താരമായ വിനീഷ്യസ് ജൂനിയറാണ്. താന്‍ അടിക്കുന്ന ഓരോ ഗോളും ഒരു ഡാന്‍സിലൂടെയാണ് അദ്ദേഹം സെലിബ്രേറ്റ് ചെയ്യാറുള്ളത്. അത് ബ്രസീലില്‍ ആയാലും റയലില്‍ ആയാലും. ഹോം ഗ്രൗണ്ടില്‍ ആണെങ്കിലും എവേ മത്സരങ്ങളിലും അദ്ദേഹം ഗോളടിച്ചാല്‍ ബ്രസീലിയന്‍ കള്‍ച്ചറിന്റെ ഭാഗമായ സാമ്പ താളം വിനി ആടാറുണ്ട്.
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും മറ്റു താരങ്ങളും ഇത് ചെയ്യാറുണ്ട്. എന്നാല്‍ ഈയിടെ ഒരു ടി.വി ഷോയില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഏജന്റുമാരുടെ പ്രസിഡന്റായ പെഡ്രോ ബ്രാവോ വിനീഷ്യസിനെതിരെ റേസിസ്റ്റ് കമന്റ് ചെയ്തിരുന്നു.
വിനീഷ്യസ് എതിരാളികളെ റെസ്‌പെക്ട് ചെയ്യണമെന്നും ഡാന്‍സ് കളിക്കണമെങ്കില്‍ ബ്രസീലിലെ സാമ്പഡ്രോമോയിലേക്ക് പോകാനും അദ്ദേഹം പറഞ്ഞു. ടീം മേറ്റിനെയും വിനി റെസ്‌പെക്ട് ചെയ്യണമെന്നും കുരങ്ങുകളി നിര്‍ത്തണെന്നും ബ്രോവോ പറയുന്നു.
ഇത് ഫുട്‌ബോള്‍ ലോകത്ത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വിനീഷ്യസിന് സപ്പോര്‍ട്ടുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനിയാണ് ഇതിഹാസ താരമായ പെലെ.
‘ഫുട്‌ബോള്‍ ആനന്തമാണ്, അതൊരു നൃത്തമാണ്, ഒരു പാര്‍ട്ടി. വംശീയത എപ്പോഴും നിലനില്‍ക്കുമെങ്കിലും ഞങ്ങളുടെ പുഞ്ചിരി തുടരുന്നതില്‍ നിന്ന് തടയാന്‍ അതിനെ അനുവദിക്കില്ല. ഈ രീതിയില്‍ തന്നെ വംശീയതയ്ക്കെതിരെ പോരാടുന്നത് ഞങ്ങള്‍ തുടരും. സന്തുഷ്ടരായിരിക്കാനുള്ള ഞങ്ങളുടെ അവകാശത്തിനായി ഇനിയും പോരാടികൊണ്ടേയിരിക്കും,’ ഇതായിരുന്നു പെലെയുടെ വാക്കുകള്‍.
വിനീഷ്യസിന്റെ ഫോട്ടോ പങ്കുവെച്ചാണ് പെലെ ഇത് ട്വിറ്ററില്‍ കുറിച്ചത്.
ഫുട്‌ബോള്‍ ലോകത്ത് ഒരുപാട് സ്വാധീനം ചെലുത്തിയ, ഒരു തലമുറയെ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ പ്രേരിപ്പിച്ച എക്കാലത്തെയും വലിയ സൂപ്പര്‍താരമാണ് പെലെ. എന്നാല്‍ ഫുട്‌ബോളില്‍ എക്കാലവും റേസിസം നേരിട്ടവരില്‍ പ്രമുഖനാണ് അയാളും.
ഈ പോരാട്ടം ഇനിയും തുടരും, അത് ഫുട്‌ബോള്‍ മൈതാനത്തായാലും അല്ലെങ്കിലും. വിനീഷ്യസ് നിങ്ങള്‍ ഇനിയും ഗോളടിക്കണം അതോടൊപ്പം ഇവര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന ആ സാമ്പ താളമാടണം. അതിഷ്ടപ്പെടുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്.
Content Highlight: Pele Supports Vinicious Junior against Racism comment for his Samba Dance