ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മൂന്ന് വര്‍ഷം മുമ്പത്തെ പെലെയുടെ പ്രതികരണം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. റൊണാള്‍ഡോ യുവന്റസിലും മെസി ബാഴ്സലോണയിലും ബൂട്ട് കെട്ടുന്ന കാലമായിരുന്നു അത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കൂടുതല്‍ സ്ഥിരതയുള്ള താരമെന്നാണ് പെലെ പറഞ്ഞത്. പക്ഷെ മെസിയെയും മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പില്‍ഹാഡോ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പെലെ ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 29ന് പെലെയുടെ വിയോഗത്തിന് ശേഷം അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.
ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.
2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.
എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.
ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
അതേസമയം, 82ാം വയസില്‍ അര്‍ബുദത്തെ തുടര്‍ന്നാണ് പെലെ മരിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടെയായിരുന്നു പെലെയെ രോഗം കടന്നാക്രമിച്ചത്.
Content Highlights: Pele’s prediction on GOAT debate