| Friday, 30th December 2022, 1:51 pm

തകര്‍പ്പന്‍ ഹെഡ്ഡറുകള്‍ മുതല്‍ എണ്ണം പറഞ്ഞ ലോങ് റേഞ്ചറുകള്‍ വരെ; പെലെ ലോകകപ്പില്‍ നേടിയ 12 ഗോളുകളും കാണാം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വിശപ്പിന്റെ വിളിയറിയാതിരിക്കാന്‍ പന്തുതട്ടിയ ട്രസ് കോറകോസ് എന്ന ചെറുപട്ടണത്തിലെ ബാലന്‍ കാലാന്തരങ്ങളില്‍ ഫുട്‌ബോളിനെ തന്നെ കീഴടക്കിയ കഥയാണ് പെലെയുടെ ജീവിതം. ഭൂമിയെ തന്നെ കാല്‍പ്പന്താക്കി വിശ്വത്തെ മുഴുവന്‍ തന്റെ കാലുകളിലേക്ക് കൊണ്ടുവന്ന പെലെയുടെ വിയോഗം ഫുട്‌ബോള്‍ ലോകത്തെ തന്നെയാണ് കണ്ണീരിലാഴ്ത്തിയത്.

15ാം വയസില്‍ ബ്രസീലിലെ സാന്റോസില്‍ പന്ത് തട്ടിയായിരുന്നു പെല പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്. ആദ്യ മത്സരത്തില്‍ തന്നെ നാല് ഗോളടിച്ച് പെലെ തന്റെ വരവറിയിച്ചു.

തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിനൊപ്പം പന്ത് തട്ടിത്തുടങ്ങി. 1958ല്‍ തന്റെ 17ാം വയസില്‍ കാനറികള്‍ക്കായി ലോകകപ്പ് കളിച്ച പെലെ ലോകകപ്പില്‍ ഗോള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

1958 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക് നേടിയ പെലെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമായി മാറി. അതേ വര്‍ഷം തന്നെ ബ്രസീലിനൊപ്പം ലോകകപ്പില്‍ മുത്തമിട്ട പെലെ ലോകം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരവുമാവുകയായിരുന്നു.

കളിച്ച നാല് ലോകകപ്പില്‍ നിന്നുമായി മൂന്ന് തവണയാണ് പെലെ കാനറികളെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടുചെന്നെത്തിച്ചത്. മൂന്ന് തവണ ലോകകപ്പ് നേടുന്ന ആദ്യ താരവും ഏക താരവും പെലെ മാത്രം.

ലോകകപ്പിലുടനീളം 12 ഗോളുകളാണ് പെലെ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. പെലെയുടെ ആ ഗോളുകള്‍ കാണാം.

തന്റെ ആദ്യ ലോകകപ്പിലെ നാല് മത്സരത്തില്‍ നിന്നും ആറ് ഗോളാണ് പെലെ നേടിയത്. പെലെയുടെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ബ്രസീലിന് തങ്ങളുടെ ആദ്യ ലോകകപ്പ് നേടിക്കൊടുത്തത്. ബ്രസീലിനെ ആദ്യമായി ലോക രാജാക്കന്‍മാരാക്കിയതില്‍ ആ 17 വയസുകാരന്റെ പങ്ക് ചില്ലറയായിരുന്നില്ല.

തൊട്ടടുത്ത ലോകകപ്പിലും ബ്രസീല്‍ തന്നെയായിരുന്നു ലോകത്തിന്റെ നെറുകയിലെത്തിയത്. ആ ലോകകപ്പില്‍ ഒറ്റ ഗോള്‍ മാത്രമായിരുന്നു പെലെക്ക് നേടാന് സാധിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന് 1966ല്‍ കാലിടറി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ചാമ്പ്യന്‍മാര്‍ പുറത്താവുകയായിരുന്നു. ആ ലോകകപ്പിലും പെലെ ഒരു ഗോള്‍ നേടിയിരുന്നു.

ബ്രസീലും പെലെയും എന്താണെന്ന് ലോകം ഒരിക്കല്‍ക്കൂടി കണ്ടത് 1970 ലോകകപ്പിലായിരുന്നു. ആ വര്‍ഷം ബ്രസീല്‍ തങ്ങളുടെ മൂന്നാം ലോകകപ്പുമയര്‍ത്തി. ആ ടൂര്‍ണമെന്റില്‍ നാല് ഗോളും ആറ് അസിസ്റ്റുമാണ് പെലെയുടെ കാലില്‍ നിന്നും പിറന്നത്.

Content highlight: Pele’s all 12 World Cup goals

Latest Stories

We use cookies to give you the best possible experience. Learn more