മെസിയോ റൊണാള്‍ഡോയോ, ഇവരില്‍ മികച്ചതാര് എന്ന തര്‍ക്കം ഫു്ടബോള്‍ ഉള്ള കാലത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ലോകത്തെയൊന്നാകെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയാണ് ഇരുവരും ചേര്‍ന്ന് ഫുട്‌ബോളിനെ അടക്കിഭരിച്ചത്.
മെസി, റൊണാള്‍ഡോ എന്നിവരുടെ പ്രൈം ടൈമില്‍ ഇരുവരുടെയും മത്സരം നേരിട്ട് കണ്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് അടുത്ത തലമുറ പറയുമെന്ന കാര്യത്തിലും മറുചോദ്യമുണ്ടാകില്ല.
ഇവരില്‍ മികച്ച താരം ആരാണെന്ന ചോദ്യം എല്ലാ പ്രൊഫഷണല്‍ താരങ്ങളും പരിശീലകരും ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഇതിഹാസ താരങ്ങളടക്കം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.
ഒരു കംപ്ലീറ്റ് പ്ലെയര്‍ എന്ന നിലയില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ചത് മെസിയാണെന്നായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസത്തെ പ്രശംസിച്ചുകൊണ്ട് ഫുട്‌ബോള്‍ ലെജന്‍ഡ് പെലെ അഭിപ്രായപ്പെട്ടത്. റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2018ല്‍ സ്‌പോര്‍ട് ടി.വിക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇരുവരില്‍ നിന്നുമായി ഒരു താരത്തെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മെസിയെ തെരഞ്ഞെടുക്കുകയായിരുന്നു.
‘ഞാന്‍ മെസിയില്‍ തന്നെ ഉറച്ചുനില്‍ക്കും. ഗോള്‍ നേടുക എന്നത് വളരെ പ്രധാനമാണ്, അതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരാതിരുന്നാല്‍, അപ്പോള്‍ അത് മാത്രം കൊണ്ടാകില്ല. എന്റെ ടീമിലേക്ക് ഞാന്‍ മെസിയെ ആയിരിക്കും തെരഞ്ഞെടുക്കുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ്.
റൊണാള്‍ഡോക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും, എന്നാല്‍ മെസി അവസരങ്ങള്‍ സൃഷ്ടിക്കുകയും മത്സരം നിയന്ത്രിക്കുകയുമാണ്. അതിനൊപ്പം ഗോളുകളും നേടുന്നു. റൊണാള്‍ഡോ മികച്ച ഗോള്‍ വേട്ടക്കാരന്‍ തന്നെയാണ്, എന്നാല്‍ ഒരു കംപ്ലീറ്റ് പ്ലെയറെ പരിഗണിക്കുമ്പോള്‍ മെസിയാണ് മികച്ചത് എന്നതില്‍ ഒരു സംശയവും വേണ്ട,’ പെലെ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ മണ്ണിലും തന്റെ ജൈത്രയാത്ര തുടരുകയാണ് ലയണല്‍ മെസി. ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ രണ്ടാമത് കിരീടമണിയിച്ചാണ് മെസി തന്റെ കിരീടവേട്ട തുടരുന്നത്.
ഹെറോണ്‍സിനായി സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡും സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. താരത്തിന്റെ കരിയറിലെ 46ാം കിരീട നേട്ടമാണിത്.
കൊളംബസിനെ മൂന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് മയാമി കിരീടം ചൂടിയത്. മത്സരത്തില്‍ മെസി രണ്ട് ഗോള്‍ നേടിയിരുന്നു. സുവാരസാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്.
നേരത്തെ ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിപ്പട കിരീടം നേടിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം 11 പേരും കിക്കെടുത്ത മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിന്റെ കരുത്തിലാണ് മയാമി കിരീടമണിഞ്ഞത്.
Content highlight: Pele praises Lionel Messi