ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ കുറിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ മുമ്പ് പെലെ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. എംബാപ്പെ തന്റെ പിന്‍ഗാമിയാണെന്നും, അദ്ദേഹത്തിന്റെ കളിയിലെ വേഗത കാണുമ്പോള്‍ തന്നെ പ്രതിബിംബത്തെ കാണാനാകുന്നുണ്ടെന്നുമാണ് പെലെ പറഞ്ഞത്.
‘എംബാപ്പെക്ക് എന്റെ പിന്‍ഗാമിയാകാന്‍ കഴിയും. ഞാനിത് വെറുതെ പറയുന്നതല്ല. അവന്റെ വേഗതയേറിയ കളിയില്‍ ഞാന്‍ എന്നെ തന്നെ കാണുന്നു. അവന്റെ ചിന്തകള്‍ക്കും വേഗത കൂടുതലാണ്. പന്ത് കിട്ടിക്കഴിഞ്ഞാല്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും എങ്ങനെ പന്ത് തട്ടണമെന്നും എങ്ങനെ ലക്ഷ്യത്തിലെത്തിക്കണമെന്നുമെല്ലാം അവനറിയാം.
കളത്തിലെ അവന്റെ വേഗതയെ കുറിച്ച് പറഞ്ഞത് പോലെ ഡിബ്രിങ്ങിലും എനിക്കെന്നെ തന്നെ കാണാനാകും,’ പെലെയുടെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.
അതേസമയം, 2022 ഖത്തര്‍ ലോകകപ്പില്‍ ഗോളടിച്ചുകൂട്ടിയാണ് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തരംഗമാവുന്നത്. തന്റെ രണ്ടാമത് മാത്രം ലോകകപ്പ് കളിക്കുന്ന എംബാപ്പെ ലോകകപ്പില്‍ നേടുന്ന ഗോളിന്റെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കുകയും ലയണല്‍ മെസിക്ക് ഒപ്പം എത്തുകയും ചെയ്തിരുന്നു.
തന്റെ അരങ്ങേറ്റ ലോകകപ്പ് മത്സരത്തില്‍ നാല് ഗോള്‍ നേടിയ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ഒമ്പത് ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമെ ഫുട്‌ബോള്‍ ലെജന്‍ഡ് പെലെയുടെ ഒരു റെക്കോഡും എംബാപ്പെ മറികടന്നിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന 24 വയസില്‍ താഴെയുള്ള താരമെന്ന റെക്കോഡായിരുന്നു താരം സ്വന്തം പേരിലാക്കിയത്.
അതേസമയം, കഴിഞ്ഞ ഡിസംബറിലാണ് ഫുട്ബോള്‍ ഇതിഹാസം പെലെ ഈ ലോകത്തോട് വിട പറഞ്ഞത്. ഖത്തര്‍ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടെയായിരുന്നു പെലെയെ രോഗം കടന്നാക്രമിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയയില്‍ കഴിഞ്ഞതിന് ശേഷമാണ് വിയോഗം.
രോഗ ശയ്യയില്‍ കിടക്കുമ്പോഴും പെലെയുടെ ചിന്തകളില്‍ ഫുട്ബോളായിരുന്നു. പെലെ കൃത്യമായി ഖത്തര്‍ ലോകകപ്പ് പിന്തുടരുകയും ഓരോ താരത്തെയും പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ തന്റെ സജീവ സാന്നിധ്യമറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതിഹാസ താരത്തിന്റെ വേര്‍പാട് ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം നോക്കി കണ്ടത്.
Content Highlights: Pele praises Kylian Mbappe