|

മെസിയെ തെരഞ്ഞെടുക്കാതിരിക്കാന്‍ കാരണം; ഗോട്ട് ഡിബേറ്റില്‍ റൊണാള്‍ഡോയെ തെരഞ്ഞെടുത്ത് പെലെ പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം പുതിയ കാലഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിട്ടും ഹാലണ്ടും എംബാപ്പെയും മുതല്‍ ലാമിന്‍ യമാല്‍ വരെയുള്ള ടാലന്റുകള്‍ ഗ്രൗണ്ടിലെ ഓരോ പുല്‍നാമ്പുകളെയും ത്രസിപ്പിച്ചിട്ടും മെസി, റൊണാള്‍ഡോ എന്നീ പേരുകള്‍ പരാമര്‍ശിക്കപ്പെടാതെ ഒരു ഫുട്‌ബോള്‍ ആരാധകന്റെയും ഒരു ദിവസം കടന്നുപോകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം നേര്‍ക്കുനേര്‍ മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഫുട്ബോളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഏതൊരു പ്രൊഫഷണല്‍ ഫുട്ബോളറും തന്റെ കരിയറില്‍ ഒരിക്കലെങ്കിലും മെസിയോ റോണാള്‍ഡോയോ? മികച്ചതാര്? എന്ന ചോദ്യം നേരിട്ടുണ്ടാകും. നിലവിലുള്ള താരങ്ങളും പരിശീലകരും മാത്രമല്ല, ഇതിഹാസ താരങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.

ഫുട്‌ബോള്‍ ലെജന്‍ഡ് പെലെയും മെസി vs റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്. 2020ലാണ് പെലെ തന്റെ അഭിപ്രായത്തില്‍ ഫുട്‌ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്തത്.

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം റൊണാള്‍ഡോ ആണെന്നാണ് പെലെ അഭിപ്രായപ്പെട്ടത്. ഗിവ്മിസ്‌പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. അവനാണ് ഏറ്റവും മികച്ചതെന്നാണ് ഞാന്‍ കരുതുന്നത്, കാരണം അവനാണ് കൂടുതല്‍ സ്ഥിരതയോടെ കളിക്കുന്നത്. പക്ഷേ നിങ്ങള്‍ക്കൊരിക്കലും ലയണല്‍ മെസിയെ മറക്കാനും സാധിക്കില്ല, തീര്‍ച്ചയായും, എന്നാല്‍ അവനൊരു സ്‌ട്രൈക്കര്‍ അല്ല,’ പെലെ പറഞ്ഞു.

പെലെ ഈ അഭിപ്രായം നടത്തുമ്പോള്‍ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗായ സീരി എ-യില്‍ യുവന്റസിനൊപ്പമായിരുന്നു. 2019-20 സീസണില്‍ സീരി എയില്‍ 31 ഗോള്‍ നേടിയ താരം ചാമ്പ്യന്‍സ് ലീഗില്‍ നാല് ഗോളും കണ്ടെത്തിയിരുന്നു.

Content Highlight: Pele on Messi vs Ronaldo GOAT debate