| Friday, 30th December 2022, 1:59 pm

ഫുട്‌ബോള്‍ കൊണ്ട് കാണികളെ ആനന്ദിപ്പിക്കാന്‍ മാത്രമല്ല, ഒരു യുദ്ധം നിര്‍ത്തിവെപ്പിക്കാന്‍ പോലും പെലെക്കായിട്ടുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് പെലെ. ബ്രസീലിലെ ട്രസ് കൊറക്കോസ് എന്ന ചെറുപട്ടണത്തിൽ ജനിച്ച താരം പതിനഞ്ചാം വയസിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് കളിച്ച് തുടങ്ങിയത്.

മൂന്ന് ലോകകപ്പുകളും, ഫിഫയുടെ നൂറ്റാണ്ടിലെ താരവുമൊക്കെയായി വാഴ്ത്തപ്പെട്ട പെലെയുടെ പേരിൽ ഒരു യുദ്ധം നിർത്തി വെച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്.

1969 ഫെബ്രുവരിയിലാണ് സംഭവം. പെലെ സാന്റോസിനായി കളിക്കുന്ന കാലമാണ്.1969 ഫെബ്രുവരി 4ന് സാന്റോസും നൈജീരിയൻ ക്ലബ്ബായ ബെനിൻ സിറ്റിയും തമ്മിൽ സൗഹൃദ മത്സരം നടക്കുന്ന ദിവസമാണ്.

ആ സമയം നൈജീരിയ വലിയ അപകടം പിടിച്ച ഒരു മേഖലയായിരുന്നു. നൈജീരിയയും രാജ്യത്തെ ഒരു പ്രവിശ്യയായ ബിയാഫ്രയും തമ്മിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലമാണ്. നൈജീരിയയിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന ബിയാഫ്ര പ്രവിശ്യയുടെ ആവശ്യത്തെ നൈജീരിയ തള്ളിക്കളഞ്ഞതായിരുന്നു യുദ്ധത്തിന് കാരണം.

മൂന്ന് വർഷത്തോളം പ്രസ്തുത യുദ്ധം നീണ്ട് നിന്നു. എന്നാൽ പെലെയുടെ നേതൃത്വത്തിൽ സാന്റോസ് നൈജീരിയയിൽ കളിക്കാനെത്തിയപ്പോൾ ബെനിൻ പ്രവിശ്യാ ഗവർണറായ സാമുവൽ ഒഗ്ബെമുടിയ പ്രവിശ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു.

കൂടാതെ മത്സരം നടക്കുന്ന ദിവസം കളി കാണാനായി നൈജീരിയയും ബിയാഫ്രയും തമ്മിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. കൂടാതെ ബിയാഫ്രയിലുള്ളവർക്ക് മത്സരം കാണാനായി ഗവർണർ സാമുവൽ ഒഗ്ബെമുടിയ അതിർത്തി പ്രദേശത്തെ പാലവും തുറന്ന് കൊടുത്തു.

അങ്ങനെ പരസ്പരം ശത്രുതയിലായിരുന്ന രണ്ട് പ്രദേശത്തെ ജനങ്ങളെ ഒരുമിച്ചിരുത്തി കളി കാണിക്കാൻ പെലെക്കും സാന്റോസ് ക്ലബ്ബിനുമായി.


25000 പേർ കണ്ട മത്സരത്തിൽ 2-1 എന്ന സ്കോറിന് വിജയിക്കാൻ സാന്റോസിനായി.

അതേസമയം ബിയാഫ്രയെ പരാജപ്പെടുത്തി നൈജീരിയ യുദ്ധത്തിൽ വിജയിച്ചു. ഏകദേശം രണ്ട് മില്യൺ ജനങ്ങളാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്.

1363 മത്സരങ്ങളിൽ നിന്നും 1276 ഗോളുകളാണ് പെലെ തന്റെ കരിയറിൽ നിന്നും മൊത്തത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. സാന്റോസിനും ന്യൂയോർക് കോസ്മോസിനും വേണ്ടിയാണ് പെലെ ക്ലബ്ബ് ജേഴ്സി അണിഞ്ഞിട്ടുള്ളത്.

Content Highlights:Pele has not only entertained spectators with football, but has even stopped a war

We use cookies to give you the best possible experience. Learn more