1974 ലോകകപ്പ് കളിക്കാതിരിക്കാന്‍ പെലെക്കൊരു കാരണമുണ്ടായിരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്

1971ല്‍ ബ്രസീലിയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച പെലെ 1974ലെ ഫിഫ ലോകകപ്പ് കളിക്കാന്‍ യോഗ്യനായിരുന്നു. പൂര്‍ണ ആരോഗ്യവാനായിരുന്നിട്ടും ഫിസിക്കലി ഫിറ്റ് ആയിട്ടും എന്തുകൊണ്ടാണ് അന്ന് വേള്‍ഡ്കപ്പ് കളിക്കാതിരുന്നതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1999ല്‍ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് പെലെക്ക് 33 വയസായിരുന്നു. ബ്രസീലിലെ മിലിട്ടറി വാഴ്ചയില്‍ വലഞ്ഞ് രാജ്യം ദുരിതമനുഭവിക്കുന്ന കാലം. ബ്രസീലിന്റെ സായുധ സേന 1964ല്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും 21 വര്‍ഷം ഭരിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ പട്ടാളത്തിന്റെ കൊടും ക്രൂരതയില്‍ പലരും കൊല്ലപ്പെട്ടിരുന്നു.

ടാക്‌സുമായി ബന്ധപ്പെട്ട് അനാവശ്യ ചോദ്യങ്ങളുയര്‍ത്തി മിലിട്ടറി പെലെയെയും സമ്മര്‍ദത്തിലാക്കിയിരുന്നു. അന്ന് കാനറികള്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയമായിരുന്നു.

ജനപ്രീതി നേടാന്‍ ഗവണ്‍മെന്റ് ദേശീയ ഫുട്‌ബോള്‍ ടീമിനെ ചൂഷണം ചെയ്യാന്‍ തുടങ്ങി. അന്നത്തെ ടോപ് സ്‌കോറര്‍ ആയിരുന്ന പെലെയെ പട്ടാളക്കാര്‍ ദേശീയ ടീമില്‍ തുടരാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നെന്നുമാണ് അഭിമുഖത്തില്‍ പെലെ പറഞ്ഞത്. തന്നെ സംബന്ധിച്ച് ഫുട്‌ബോള്‍ യുദ്ധമല്ലെന്നും അതൊരു കായിക വിനോദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെക്കാളൊക്കെ മുമ്പ്, മൂന്ന് ലോകകപ്പുകളും, ഫിഫയുടെ നൂറ്റാണ്ടിലെ താരവുമൊക്കെയായി വാഴ്ത്തപ്പെട്ട പെലെയുടെ പേരില്‍ ഒരു യുദ്ധം നിര്‍ത്തി വെച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്.

1969 ഫെബ്രുവരിയിലാണ് സംഭവം. പെലെ സാന്റോസിനായി കളിക്കുന്ന കാലമാണ്.1969 ഫെബ്രുവരി 4ന് സാന്റോസും നൈജീരിയന്‍ ക്ലബ്ബായ ബെനിന്‍ സിറ്റിയും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന ദിവസമാണ്.

ആ സമയം നൈജീരിയ വലിയ അപകടം പിടിച്ച ഒരു മേഖലയായിരുന്നു. നൈജീരിയയും രാജ്യത്തെ ഒരു പ്രവിശ്യയായ ബിയാഫ്രയും തമ്മില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലമാണ്. നൈജീരിയയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ബിയാഫ്ര പ്രവിശ്യയുടെ ആവശ്യത്തെ നൈജീരിയ തള്ളിക്കളഞ്ഞതായിരുന്നു യുദ്ധത്തിന് കാരണം.

മൂന്ന് വര്‍ഷത്തോളം പ്രസ്തുത യുദ്ധം നീണ്ട് നിന്നു. എന്നാല്‍ പെലെയുടെ നേതൃത്വത്തില്‍ സാന്റോസ് നൈജീരിയയില്‍ കളിക്കാനെത്തിയപ്പോള്‍ ബെനിന്‍ പ്രവിശ്യാ ഗവര്‍ണറായ സാമുവല്‍ ഒഗ്‌ബെമുടിയ പ്രവിശ്യയില്‍ പൊതു അവധി പ്രഖ്യാപിച്ചു.

കൂടാതെ മത്സരം നടക്കുന്ന ദിവസം കളി കാണാനായി നൈജീരിയയും ബിയാഫ്രയും തമ്മില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. കൂടാതെ ബിയാഫ്രയിലുള്ളവര്‍ക്ക് മത്സരം കാണാനായി ഗവര്‍ണര്‍ സാമുവല്‍ ഒഗ്‌ബെമുടിയ അതിര്‍ത്തി പ്രദേശത്തെ പാലവും തുറന്ന് കൊടുത്തു.

അങ്ങനെ പരസ്പരം ശത്രുതയിലായിരുന്ന രണ്ട് പ്രദേശത്തെ ജനങ്ങളെ ഒരുമിച്ചിരുത്തി കളി കാണിക്കാന്‍ പെലെക്കും സാന്റോസ് ക്ലബ്ബിനുമായി.

25000 പേര്‍ കണ്ട മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് വിജയിക്കാന്‍ സാന്റോസിനായി.

അതേസമയം ബിയാഫ്രയെ പരാജപ്പെടുത്തി നൈജീരിയ യുദ്ധത്തില്‍ വിജയിച്ചു. ഏകദേശം രണ്ട് മില്യണ്‍ ജനങ്ങളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

1363 മത്സരങ്ങളില്‍ നിന്നും 1276 ഗോളുകളാണ് പെലെ തന്റെ കരിയറില്‍ നിന്നും മൊത്തത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. സാന്റോസിനും ന്യൂയോര്‍ക് കോസ്‌മോസിനും വേണ്ടിയാണ് പെലെ ക്ലബ്ബ് ജേഴ്‌സി അണിഞ്ഞിട്ടുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് പെലെ. ബ്രസീലിലെ ട്രസ് കൊറക്കോസ് എന്ന ചെറുപട്ടണത്തില്‍ ജനിച്ച താരം പതിനഞ്ചാം വയസില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് കളിച്ച് തുടങ്ങിയത്.

Content Highlights: Pele about 1974 FIFA world cup