അറിയപ്പെടുന്ന ദക്ഷിണേഷ്യൻ നിരീക്ഷകനും എഴുത്തുകാരനുമാണ് പീറ്റര്‍ ഫ്രെഡ്രിക്. ലോകത്താകെയുള്ള ജനാധിപത്യത്തിന്റെ തകര്‍ച്ചയെക്കുറിച്ചും വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും നിരന്തരമായി എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ഫ്രെഡ്രിക്.
Captivating the Simple-Hearted: A Struggle for Human Dignity in the Indian Subcontinent എന്ന പുസ്തകത്തിന്റ രചയിതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തെ വളരെ അടുത്ത് നിന്ന് വീക്ഷിക്കുന്ന, അമേരിക്കയിലെ സംഘ്പരിവാര്‍ ഘടകങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന അദ്ദേഹം ലോക്ഡൗണും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ലോകത്ത് നടക്കുന്ന ജനവിരുദ്ധ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ഡൂള്‍ ന്യൂസിനോട് വിശദമായി സംസാരിക്കുന്നു.
കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ ലോകത്തൊട്ടാകെ നടപ്പാക്കിയതോടെ മുന്‍പൊരിക്കലും കാണാത്ത വിധമുള്ള ‘പൊലീസ് സ്റ്റേറ്റ്’ ആയി മിക്ക രാജ്യങ്ങളും രൂപാന്തരപ്പെട്ടു. സാധാരണ നിലക്ക് തങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാകാത്ത ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുവാനുള്ള അവസരമായി ലോക്ഡൗണിനെ ഏകാധിപത്യ സ്വഭാവമുള്ള ഗവണ്‍മെന്റുകള്‍ ഉപയോഗിക്കുന്നു എന്ന ആരോപണവും ശക്തമാണ്. എങ്ങനെ നോക്കിക്കാണുന്നു?
ജനജീവിതം സംരക്ഷിക്കാന്‍ എന്ന പേരില്‍, ലോകത്തൊട്ടാകെയുള്ള ഗവണ്‍മെന്റുകള്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം നിര്‍ദയവും ജനദ്രോഹപരവുമായ, ജനജീവിതം നശിപ്പിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. ലോക്ഡൗണ്‍ ആളുകളെ കൊന്നൊടുക്കുകയാണ്.
കര്‍ഫ്യു ലംഘിച്ചുവെന്ന് പറഞ്ഞ് ആളുകളെ പൊലീസ് മര്‍ദ്ദിച്ചു കൊല്ലുന്നതുള്‍പ്പടെ, ഇന്ത്യയില്‍ ഇത് നേര്‍ക്കുനേര്‍ സംഭവിക്കുന്നത് നാം കണ്ടതാണ്. ലോക്ഡൗണ്‍ പരോക്ഷമായും ജീവനെടുക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ജീവിതങ്ങളെ തൊഴിലില്ലായ്മയിലേക്കും, ദാരിദ്ര്യത്തിലേക്കും, സൗജന്യ ഭക്ഷണത്തിനായി വരിനില്‍ക്കേണ്ടി വരുന്ന അവസ്ഥയിലേക്കും ലോക്ഡൗണ്‍ തള്ളിവിട്ടു.
ആളുകളെ വീടുകളില്‍ അടച്ചിടുന്നത് അവരുടെ രോഗപ്രതിരോധ ശേഷി വീണ്ടും കുറയ്ക്കുകയും രോഗം പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുക. ഗാര്‍ഹിക പീഡനവും വിഷാദരോഗവും മദ്യാസക്തിയും ലഹരി ഉപയോഗവും മാനസിക അസന്തുലിതാവസ്ഥയും ആത്മഹത്യയും ലോകത്താകമാനം വലിയ അളവില്‍ ഉയരുകയാണ്.
ഇത് പ്രതീക്ഷിച്ചതുമാണ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ‘പൊലീസ് സ്റ്റേറ്റ്’, മനുഷ്യരുടെ തൊഴിലവകാശം മാത്രമല്ല നിഷേധിക്കുന്നത്, മറിച്ച് അവരുടെ മനുഷ്യത്വം തന്നെയാണ്. സാമൂഹിക ജീവികളെന്ന നിലക്ക്, ജീവിതം പുഷ്ടിപ്പെടുത്താന്‍ മാത്രമല്ല വ്യക്തികള്‍ക്ക് അതിജീവിക്കുവാന്‍ പോലും സാമൂഹിക ബന്ധങ്ങള്‍ അനിവാര്യമാണ്. എന്നിട്ടും വലിയൊരു വിഭാഗം രാജ്യങ്ങളിലും മനുഷ്യ ഇടപെടലുകള്‍ കുറ്റകൃത്യമായി പ്രഖ്യാപിച്ചു. പ്രകൃതിയോട് തന്നെയുള്ള അതിക്രമമാണ് ഈ അടച്ചിടല്‍.
ഈ അവസരങ്ങളില്‍ നിന്നും ഉപകാരപ്പെടുന്നത് ആര്‍ക്കാണ്? തീര്‍ച്ചയായും ജനങ്ങള്‍ക്കല്ല. ലോക്ഡൗണിന്റെ വിളവ് കൊയ്യുന്നത് ഏകാധിപത്യ ഭരണാധികാരികളാണ്. ഹോങ്കോങ്ങിലും, ഫ്രാന്‍സിലും ഇന്ത്യയിലും അവിടങ്ങളിലെ ഭരണാധികാരികളുടെ അധികാരം ചോദ്യംചെയ്യപ്പെടുന്ന തരത്തില്‍ വലിയ പൊതുജന പ്രക്ഷോഭമായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. അവര്‍ക്കൊക്കെയും അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യം കണക്കെയാണ് കൊവിഡ് പ്രതിസന്ധിയും തുടര്‍ന്നുള്ള അടച്ചിടലും ഉണ്ടായത്.
അവസരവാദികളായ സ്വേച്ഛാധിപതികള്‍ക്ക് ഏറ്റവും മികച്ച കാലമാണ് ഇത്. ഉദാഹരണത്തിന്, ഇന്ത്യയും ചൈനയും അവര്‍ രാജ്യത്തെ പ്രക്ഷോഭകരെ നേരിടുന്ന രീതിക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദം കനപ്പെട്ട് വരികയായിരുന്നു. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പട്ടണാടിസ്ഥാനത്തില്‍ പ്രമേയം പാസാക്കുവാനുള്ള ശ്രമം അമേരിക്കയില്‍ ശക്തി പ്രാപിച്ചിരുന്നു.
നാസി ജര്‍മ്മനി ജൂതരുടെ പൗരത്വം നിഷേധിക്കുവാന്‍ നടപ്പിലാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ കാവിവത്കരിച്ച ഇന്ത്യന്‍ പതിപ്പിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍, രാജ്യത്തിന് അകത്തും പുറത്തും വലിയ സമ്മര്‍ദമായിരുന്നു നരേന്ദ്ര മോദി നേരിട്ടിരുന്നത്.
കൊവിഡ് പ്രതിസന്ധിയോടെ രാജ്യത്തെ ജനങ്ങളുടെ ജീവനെ വിലമതിക്കുന്ന, ജനതയോട് കരുതലുള്ള ഒരു സര്‍ക്കാരായി പൊതുജനമധ്യത്തില്‍ പ്രതിഷ്ഠിക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റിന് കഴിഞ്ഞു. അരൂപിയായ ഒരു ശത്രുവിനെതിരെ പോരാടുവാന്‍ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടപ്പാക്കാന്‍ കാത്തിരുന്നത് ഇപ്പോള്‍ അവര്‍ക്കു സാധിച്ചു, രാജ്യം മൊത്തം അടച്ചിടാന്‍.
ഏകാധിപത്യ സ്വഭാവം പ്രകടമാക്കുകയും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു ഗവണ്മെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ എന്ന് പറഞ്ഞു രാജ്യം അപ്പാടെ അടച്ചിടുന്നത് അങ്ങേയറ്റം സംശയത്തോടും സന്ദേഹത്തോടും മാത്രമേ വീക്ഷിക്കാന്‍ സാധിക്കുകയുള്ളു.
ലോക്ഡൗണ്‍ കഴിയുന്നതോടെ നിലവില്‍ നടപ്പിലാക്കിയ നിരീക്ഷണ സംവിധാനങ്ങളും, പൊലീസിങ്ങും, ജനവിരുദ്ധ സര്‍ക്കാര്‍ സംവിധാനങ്ങളും ഒഴിവാക്കപ്പെടും എന്ന് കരുതുന്നുണ്ടോ? അതോ അവ സ്ഥിരം സംവിധാനങ്ങളായി തുടരുമോ?
ജോര്‍ജ് ഓര്‍വെല്‍ പറയുന്നതുപോലെ ‘ഒടുവില്‍ ത്യജിക്കുവാന്‍ ഉദ്ദേശിച്ചല്ല ആരും അധികാരം പിടിച്ചെടുക്കുന്നത്.’ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ ലോകത്തൊട്ടാകെയുള്ള ഗവണ്‍മെന്റുകള്‍ നേടിയെടുത്ത ഈ സര്‍വ്വാധിപത്യ അധികാരങ്ങള്‍ ഒക്കെയും ‘സാധാരണ’ സന്ദര്‍ഭങ്ങളില്‍ തന്നെ നടപ്പിലാക്കുവാന്‍ കാലങ്ങളായി അവര്‍ കൊതിച്ചിരുന്നവയാണ്.
ഉദാഹരണത്തിന്, അമേരിക്കയില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) തീവ്രവാദ വിരുദ്ധ നടപടി എന്ന പേരില്‍ വലിയ നിരീക്ഷണ സംവിധാനങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു. ജനങ്ങളെ നിരീക്ഷിക്കുന്നതിനായി ആയിരക്കണക്കിന് ‘കോണ്‍ടാക്ട് ട്രേസിങ്’ സംവിധാനങ്ങള്‍ വാടകക്കെടുക്കാനുള്ള അമേരിക്കയുടെ നിലവിലെ പദ്ധതി ഡിജിറ്റല്‍ നിരീക്ഷണത്തിലേക്കുള്ള അടുത്ത പടിയാണ്.
ആധുനിക ലോകത്ത് ഒരു ഭരണ സംവിധാനവും മുന്‍പ് വകവെച്ചു നല്‍കിയിട്ടില്ലാത്ത അളവില്‍ പ്രാദേശിക, സംസ്ഥാന, ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അധികാരം ആസ്വദിക്കുന്നുണ്ട് ഇപ്പോള്‍.
ഏത് തരം ജോലികളില്‍ ആളുകള്‍ക്ക് ഏര്‍പ്പെടാം, എവിടെയൊക്കെ പോകാം, എപ്പോള്‍ എന്തിനൊക്കെ വീടിനു പുറത്തിറങ്ങാം, എന്തൊക്കെ ധരിക്കണം, പൊതുഇടങ്ങളില്‍ അവര്‍ എവിടെ നില്‍ക്കണം എന്നുവരെ ഈ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്.
ഇത് സര്‍വാധിപത്യം തന്നെയാണ്. അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പരിപൂര്‍ണമായി ദുഷിപ്പിക്കുന്നു. ഒറ്റരാത്രികൊണ്ട് കൈക്കലായ ഈ സര്‍വാധികാരം മത്തുപിടിപ്പിക്കുന്നത് തന്നെയാണ്. അതിന്റെ രുചിയറിഞ്ഞവര്‍ കൂടുതല്‍ കൊതിക്കുകയേ ഉള്ളു. അതല്ലേ ആസക്തിയുടെ രീതിയും?
കൂടാതെ പുതുതായി കൂടുതല്‍ അധികാരങ്ങള്‍ കൈവന്ന സ്റ്റേറ്റുകളുടെ ഒക്കെയും തലപ്പത്തിരിക്കുന്നത് ഈ അധികാരത്തെ ഏതുവിധേനയും നിലനിര്‍ത്താന്‍ കെല്പുള്ള ആശയപ്രചോദിതരുമാണ്.
എന്റെ സ്വന്തം സ്റ്റേറ്റ് ആയ കാലിഫോര്‍ണിയ തന്നെ പരിശോധിക്കാം. ഈ പ്രതിസന്ധി നമ്മുടെ കാലഘട്ടത്തെ ‘പുരോഗമനപരമായി പുനരാവിഷ്‌കരിക്കുവാനുള്ള സുവര്‍ണാവസരമായും’ ‘നമ്മുടെ വാണിജ്യ രീതികളും ഭരണ സംവിധാനങ്ങളും പുനഃക്രമീകരിക്കുവാനുള്ള’ സമയമായും ആണ് താന്‍ കാണുന്നതെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പരസ്യമായി തന്നെ പറഞ്ഞത്.
ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്നിട്ടു കൂടി ഒരു പൊതുജനാരോഗ്യ പ്രതിസന്ധി സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും വ്യക്തിപരമായ രാഷ്ട്രീയ ഉന്നമനത്തിനുപയോഗിക്കുവാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇത്തരത്തില്‍, എന്ന് അവസാനിക്കും എന്ന് യാതൊരു തീര്‍ച്ചയുമില്ലാതെ അനിശ്ചിതകാല അടച്ചിടലുകള്‍ പ്രഖ്യാപിച്ച നിരവധി അമേരിക്കന്‍ ഗവര്‍ണര്‍മാരില്‍ ഒരാള്‍ മാത്രമാണ് ന്യൂസോം.
ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മക്രോണ്‍ 2018 മുതല്‍ യെല്ലോ വെസ്റ്റ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നിരന്തരമായി പ്രക്ഷോഭങ്ങള്‍ നേരിടുകയായിരുന്നു. മക്രോണ്‍ മുന്നോട്ടുവെച്ച ജയില്‍ നവീകരണ നയങ്ങള്‍ക്കെതിരെ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രക്ഷോഭമായിരുന്നു ഈ വര്‍ഷം ആദ്യം അരങ്ങേറിയത്.
ഫെബ്രുവരിയോടെ രാജ്യത്തിന്റെ ശ്രദ്ധ കൊവിഡ് പ്രതിസന്ധിയിലേക്ക് തിരിഞ്ഞ അവസരത്തില്‍ മക്രോണ്‍ തന്റെ ജയില്‍ നവീകരണങ്ങള്‍ ഒരു ഉത്തരവിലൂടെ നടപ്പിലാക്കി. രണ്ടാഴ്ചക്കുള്ളില്‍ അദ്ദേഹം ആളുകള്‍ കൂടിച്ചേരുന്നത് നിരോധിച്ചു, അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള എല്ലാ കച്ചവടങ്ങളും നിരോധിച്ചു, ഫ്രാന്‍സ് ഒട്ടാകെ അടച്ചിടല്‍ പ്രഖ്യാപിച്ചു. അങ്ങനെ പൊതുജനാരോഗ്യം ഉയര്‍ത്തിക്കാണിച്ചു ജനകീയ പ്രക്ഷോഭത്തെ ഒതുക്കി.
ഹങ്കറിയില്‍ വലതുപക്ഷ ഭരണാധികാരിയായ വിക്റ്റര്‍ ഓര്‍ബന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അനിയന്ത്രിതമായ സ്വേച്ഛാധിപത്യ അധികാരങ്ങളാണ് കൈപ്പിടിയിലൊതുക്കിയത്. അടിയന്തരാവസ്ഥയെ അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള നിയമം പാസാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ‘തെറ്റായ സന്ദേശങ്ങള്‍’ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ നിര്‍ദേശിക്കുന്ന ഉത്തരവുകളോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതുവഴി ഓര്‍ബന്റെ പോളിസികളെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അടക്കുവാനുള്ള അധികാരമാണ് തുറന്നുകിട്ടിയത്.
തീര്‍ച്ചയായും ഇന്ത്യയിലും മോദി ഭരണകൂടം കൃത്യമായി എതിര്‍ ശബ്ദങ്ങളെ ഉന്നംവെക്കുന്നതാണ് നമ്മള്‍ കണ്ടത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ആനന്ദ് തെല്‍തുംദെ. ‘സന്ദേശം കൃത്യവും വ്യക്തവുമാണ്: സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടരുത്,’ തനിക്കെതിരെയുള്ള വേട്ടയാടലിനെപ്പറ്റി അദ്ദേഹം പറഞ്ഞതാണിത്.
അത്ര അറിയപ്പെടാത്ത വിവിധ കേസുകളില്‍ നിരവധി സാധാരണക്കാരും നിരന്തരം നിശബ്ദമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മോദിയേയോ, യോഗി ആദിത്യനാഥിനെയോ അല്ലെങ്കില്‍ ആര്‍.എസ്.എസ്സിനെയോ ‘അപകീര്‍ത്തിപ്പെടുത്തി’ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടുവെന്ന് ആരോപിച്ച് നിരന്തരം ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ട്.
ആര്‍.എസ്.എസ്സും ബി.ജെ.പിയും വിഭാവനം ചെയ്യുന്ന സമൂഹം സകലരും ഒരേ മതത്തിലുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒന്നാണ്. അവിടെ വ്യക്തികളുടെ അടിസ്ഥാനപരമായ നിലനില്‍പ്പുതന്നെ ഹിന്ദു രാഷ്ട്രത്തെ സേവിക്കാന്‍ മാത്രമായിരിക്കും. ഇത് സാക്ഷാത്കരിക്കാന്‍ ഭരണ സംവിധാനങ്ങള്‍ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കേണ്ടതുണ്ട്, വലിയ സാമൂഹിക നിരീക്ഷണ സംവിധാങ്ങള്‍ ആവശ്യമുണ്ട്, ക്രൂരമായ പൊലീസിങ് ആവശ്യമുണ്ട്. ലോക്ഡൗണ്‍ ഇതെല്ലാം അവര്‍ക്ക് സമ്മാനിച്ചു.
ഇതൊക്കെ ത്യജിച്ച് ഒരു സ്വതന്ത്ര സമൂഹത്തിലേക്ക് നിശ്ചയം അവര്‍ തിരികെ പോകില്ല. മറ്റെന്തിനാണ് ‘ന്യൂ നോര്‍മല്‍’ എന്ന് നാം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നത്. ഒന്നും പഴയപടി ആകില്ല എന്നതല്ലേ? സ്ഥായിയായ സര്‍വാധിപത്യ സംവിധാനത്തിന് നല്‍കപ്പെട്ടിരിക്കുന്ന പുതിയ കോഡ് ആണ് ‘ന്യൂ നോര്‍മല്‍’.
ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഓരോ വ്യക്തിയുടെയും ചലനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കുവാന്‍ സാധിക്കും. ഒരു സ്ഥിരം ജനദ്രോഹ മര്‍ദ്ദനോപകരണമായി ഇത് രൂപപ്പെടുമെന്ന ആശങ്ക ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. താങ്കള്‍ ഇത് എങ്ങനെ മനസിലാക്കുന്നു?
ഏതൊരു ആപ്പും ജനങ്ങളുടെ പേഴ്‌സണല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കള്‍ അന്യായമായി കൈക്കലാക്കുന്നതിന് സമാനമാണ്. ജനതയുടെ ഉടമസ്ഥര്‍ അടിസ്ഥാനപരമായി ഭരണകൂടമാണെന്ന സ്വേച്ഛാധിപത്യ സങ്കല്‍പത്തില്‍ നിന്നാണ് ഇത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നത്.
അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയ ‘കടന്നുകയറുന്ന ബാഹ്യ നിയന്ത്രണങ്ങള്‍’ സമൂഹത്തില്‍ സ്ഥായിയായി മാറുകയാണ് ഇതോടെ സംഭവിക്കുന്നത്. മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് സ്വന്തത്തിനുമേലുള്ള നിയന്ത്രണവും അധികാരവും എന്ന സങ്കല്‍പം തന്നെ നിരര്‍ത്ഥകമാകും എന്ന് അംബേദ്കര്‍ അഭിപ്രായപ്പെടുന്നു. ഏത് ആപ്ലിക്കേഷന്‍ തന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നതിലൂടെ സ്വന്തം ജീവിതങ്ങള്‍ക്കുമേലുള്ള അധികാരം കൂടിയാണ് ഇവിടെ നഷ്ടമാകുന്നത്. ഒരു നിശ്ചിത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കല്‍പ്പിക്കുന്നതോടെ സ്റ്റേറ്റിന്റെ കീഴിലുള്ള സ്വത്ത് എന്ന നിലയിലേക്ക് വ്യക്തികള്‍ താഴ്ത്തപ്പെടുന്നു.
ഇത്തരത്തില്‍ ഒരു സംവിധാനം ഏതു അളവ് വരെ ദുരുപയോഗം ചെയ്യപ്പെടാം എന്നതിനെപ്പറ്റി യാതൊരു ഉത്കണ്ഠയും ആര്‍ക്കുമില്ല. കശ്മീരില്‍ നാം ഇത് കണ്ടതാണ്. കാലങ്ങളോളം ഇന്റര്‍നെറ്റും മൊബൈല്‍ സംവിധാനങ്ങളും നിരോധിച്ച ശേഷം ഭാഗികമായി അനുവദിക്കപ്പെട്ടപ്പോള്‍ ‘ഗവണ്‍മെന്റ്-സമ്മതിയുള്ള’ വെബ്‌സൈറ്റുകള്‍ മാത്രമാണ് ലഭ്യമായത്.
എന്ത് വായിക്കണം, എന്ത് കാണണം, എന്ത് കേള്‍ക്കണം എന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതില്‍ നിന്നും കശ്മീരികള്‍ ഇതിനോടകം തന്നെ വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആരോഗ്യ സേതു നിര്‍ബന്ധമാക്കുന്നതിലൂടെ ഇന്ത്യക്കാരെ ഏത് വിധേന കൈകാര്യം ചെയ്യുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?
ആരോഗ്യ സേതു എങ്ങനെ നിര്‍ബന്ധമാക്കാന്‍ സാധിക്കും? പുറത്തിറങ്ങി പാലുവാങ്ങണമെങ്കില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് പാസ് വേണം. പൊതു-സ്വകാര്യ ജീവനക്കാര്‍ മാത്രമല്ല കൊവിഡ് ബാധിത പ്രദേശങ്ങളിലെ സകലരും ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. വ്യക്തികള്‍ ആപ് ഡൗണ്‍ലോഡ് ചെയ്‌തോ ഇല്ലയോ എന്ന് ഓരോ വീട്ടിലും ചെന്ന് പോലീസ് പരിശോധിക്കുമോ? ഫോണ്‍ പൊലീസിന് മുന്നില്‍ കാണിച്ചു കൊടുക്കേണ്ട സന്ദര്‍ഭമുണ്ടായാല്‍ വ്യക്തികളുടെ വസ്തുവകകള്‍ പരിശോധിക്കുവാന്‍ വാറണ്ട് നിര്‍ബന്ധമാണെന്ന നിയമം തന്നെ അവിടെ അപ്രസക്തമാകും.
ആരോഗ്യ സേതു ഒരു സമൂഹ നിരീക്ഷണ ഉപാധിയായി ‘മാറിയേക്കാം’ എന്നല്ല, ഇത് ഒരു നിരീക്ഷണ ഉപാധിയായി തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് മോദി ഗവണ്‍മെന്റ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു.
വ്യക്തിയുടെ ചലനങ്ങള്‍ ഓരോന്നും കൃത്യമായി നിരീക്ഷിക്കുന്ന, ഫോണിനുള്ളിലെ വിവരങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും വേണമെങ്കില്‍ അനായാസമായി കടന്നു ചെല്ലാന്‍ കഴിയുന്ന ഈ സംവിധാനം കുടിലമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നത് നിസ്സംശയമാണ്. ആപ്പിന്റെ ഉപയോഗത്തെയും ഉദ്ദേശത്തെയും കുറിച്ച് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉണ്ടായാലും ശരി, ആരോഗ്യ സേതു ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാനുള്ള കാരണം ഒരു നല്ല പ്രതിസന്ധിയെ വെറുതെ കളയുവാന്‍ ഒരു സ്വേച്ഛാധിപതിയും തയാറല്ല എന്നതാണ്.
ഇന്ത്യയില്‍ മാധ്യമങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സംവിധാനങ്ങളും ഭരണകക്ഷിയും ചേര്‍ന്ന് കൊവിഡ് വ്യാപനത്തെ തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി ചേര്‍ത്ത് വര്‍ഗീയ വത്കരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കടുത്ത മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയും വിവിധ സ്ഥലങ്ങളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ഈ വര്‍ഗീയവത്കരണം വലിയ പദ്ധതികളുടെ ഭാഗമാണെന്ന് കരുതുന്നുണ്ടോ അതോ വ്യാജവാര്‍ത്തകള്‍ മൂലമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണോ?
ഫെബ്രുവരിയില്‍ രാജ്യ തലസ്ഥാനത്ത് മുസ്ലിം വിരുദ്ധ വംശഹത്യക്ക് കളമൊരുക്കിയ അതേ ഭരണ സംവിധാനം തന്നെയാണ് മാര്‍ച്ചില്‍ രാജ്യവ്യാപകമായി അടച്ചിടല്‍ പ്രഖ്യാപിച്ചത് എന്ന് നമ്മളില്‍ പലരും മറന്നുപോയി. ശൂന്യതയില്‍ നിന്നുണ്ടായതല്ല ഈ ലോക്ഡൗണ്‍. കഴിഞ്ഞ ആറു മാസം – അല്ലെങ്കില്‍ അഞ്ചുകൊല്ലമായി തന്നെ – ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ക്ക്, നിലവില്‍ ഒരു ആരോഗ്യ പ്രതിസന്ധി ഉണ്ടായി എന്നതിന്റെ പേരില്‍ മാത്രം തുടര്‍ച്ച നഷ്ടപ്പെട്ടു എന്ന് കരുതാനാവില്ല. ‘രാജ്യദ്രോഹികളെ വെടിവെക്കൂ’ എന്ന് ജനുവരിയില്‍ അലറിവിളിച്ചു നടന്നവര്‍ കൊവിഡ് തുടങ്ങിയതോടെ മൃദുഹൃദയരായ ജനസംരക്ഷകരായി മാറില്ല.
അമിത് ഷാ 2019-ല്‍ പറഞ്ഞതുപോലെ അവര്‍ക്ക് എന്തും വൈറല്‍ ആക്കാന്‍ സാധിക്കും, ‘സത്യമാകട്ടെ കള്ളമാകട്ടെ, മധുരിതമാകട്ടെ കൈപ്പേറിയതാകട്ടെ’. ന്യൂനപക്ഷ സമുദായങ്ങളെ പൈശാചികരായി അവതരിപ്പിക്കുവാനുള്ള വ്യാജവാര്‍ത്ത സൃഷ്ടിക്കല്‍ ആര്‍.എസ്.എസ്സിന്റെ വര്‍ഷങ്ങളായുള്ള പദ്ധതികളുടെ ഭാഗമാണ്.
എല്ലാ ഹിന്ദു-ഇതര സമുദായങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നുള്ളതാണ് ആര്‍.എസ്.എസ്സിന്റെ അന്തിമ ലക്ഷ്യം. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ‘വിദേശികളെന്നും’ ‘രാജ്യദ്രോഹികള്‍’ എന്നും വിളിച്ച ആര്‍.എസ്.എസ് ഗുരു എം.എസ് ഗോള്‍വാള്‍ക്കര്‍ തന്നെ അവരുടെ ന്യൂനപക്ഷ വിരുദ്ധ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സംഘപരിവാര്‍ അതിനേക്കാള്‍ മോശം പദപ്രയോഗങ്ങള്‍ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് അമിത് ഷാ തന്നെ മുസ്ലിങ്ങളെ ‘ചിതലുകള്‍’ എന്ന് നിരവധി തവണയാണ് വിളിച്ചത്. ഈ കഴിഞ്ഞ വര്‍ഷമാണ് ആദിത്യനാഥ് ‘പച്ച വൈറസുകള്‍’ എന്ന് വിളിച്ച് മുസ്ലിങ്ങളെ അധിക്ഷേപിച്ചത്.
‘മറ്റു ജനവിഭാഗങ്ങള്‍ക്കെതിരെ’ വെറുപ്പ് പ്രചരിപ്പിക്കുവാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്നും ഇത്തരം ദുഷിച്ച പദപ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 1990-കളില്‍ റുവാണ്ടയില്‍ റ്റട്‌സീസുകളെ സമൂഹത്തില്‍ ‘നുഴഞ്ഞുകയറിയ’ ‘പാറ്റകള്‍’ എന്നായിരിച്ചു വിളിച്ചിരുന്നത്. നാസി ജര്‍മനി ജൂതരെ വിളിച്ചിരുന്നത് ‘കീടങ്ങള്‍’ എന്നും.
കുപ്രസിദ്ധമായ നാസി പ്രോപഗണ്ട സിനിമയായ ‘ദി ഇറ്റേണല്‍ ജ്യൂ’ എന്ന സിനിമയില്‍ ‘പ്ലേഗ്, കുഷ്ഠം, ടൈഫോയ്ഡ്, കോളറ, വയറുകടി’ തുടങ്ങി നിരവധി അസുഖങ്ങള്‍ നാട്ടില്‍പരത്തുന്ന ‘എലികളോടാണ്’ ജൂതരെ താരതമ്യം ചെയ്തത്. ഈ പ്രതിസന്ധി ഏകാധിപതികള്‍ക്ക് കൂടുതല്‍ അധികാരം പ്രദാനം ചെയ്യുന്നു എന്നതുപോലെ തന്നെ തങ്ങള്‍ ഇഷ്ടപ്പെടാത്തതിനെക്കുറിച്ച് കടുത്ത വിദ്വേഷവും ജനങ്ങള്‍ക്കിടയില്‍ ഭയവും പടര്‍ത്തുവാന്‍ അവര്‍ക്ക് സഹായകമാകുന്നുണ്ട്.
കോവിഡ് പ്രതിസന്ധി ലോകത്തെ അധികാര വലതുപക്ഷത്തിന് കൂടുതല്‍ പിടിമുറുക്കുവാനുള്ള അവസരമാണെന്ന വാദത്തെ എങ്ങനെ വായിക്കുന്നു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ‘അത്യാവശ്യക്കാര്‍’ ‘അത്യാവശ്യമല്ലാത്തവര്‍’ എന്ന് വേര്‍തിരിക്കപ്പെട്ടു. ഇത് നാസികള്‍ ‘ആര്യന്‍’ എന്നും ‘ആര്യന്‍ അല്ലാത്തവര്‍’ എന്നും വേര്‍തിരിച്ചതിന് സമാനം തന്നെയാണ്. അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് ഇത്. ലോകം പങ്കുവെക്കുന്ന സാര്‍വത്രിക സമത്വത്തിനു നേരുള്ള ലജ്ജയില്ലാത്ത ആക്രമണവുമാണ്. ഇത്തരം വേര്‍തിരിവുകള്‍ വംശീയ ഉന്നതിയില്‍ വിശ്വസിക്കുന്ന കൂട്ടര്‍ക്ക് ആത്യന്തികമായി വളംപകരുകയാണ് ചെയ്യുക.
ഈ പ്രതിസന്ധിയെ മുന്‍നിര്‍ത്തി നിര്‍മ്മിച്ചെടുത്ത സാമൂഹിക അന്തരീക്ഷം എല്ലാവിധ വിയോജിപ്പുകളെയും അടിച്ചമര്‍ത്തുന്ന തരത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. എല്ലാവിധ കൂടിച്ചേരലുകളും നിയമം മൂലം നിരോധിച്ചു, അതിനാല്‍ തന്നെ സമരങ്ങളും. പരസ്പരം സ്പര്‍ശിക്കുന്നതുപോലും മരണകരണമാകുമെന്ന് ജനതയെ ധരിപ്പിച്ചു കഴിഞ്ഞു.
ഒരു ഹസ്തദാനം, ചുമലില്‍ ഒരഭിനന്ദനം, ഒരു ആലിംഗനം, ഒരു ചുംബനം എല്ലാം ഇന്ന് പ്രാണഹാരികളാണ്. ശാരീരിക അകലം പാലിക്കലും വ്യക്തി ശുചിത്വവുമൊക്കെ ഈ മഹാമാരിക്ക് തടയിടാന്‍ അത്യന്താപേക്ഷിതമായിരിക്കെ തന്നെ മനുഷ്യര്‍ തമ്മിലുള്ള ഇടപഴകലുകളെ ഭീതിദമായി അവതരിപ്പിക്കുക വഴി വിളവുകൊയ്യുന്നത് ഏകാധിപത്യ ഗവണ്മെന്റുകളാണ്.
ജനങ്ങള്‍, പ്രത്യേകിച്ച് പരസ്പരം പരിചയമില്ലാത്തവര്‍, ഒരുമിച്ചുകൂടാനും, ഒന്നിച്ചിരിക്കാനും, ഒരുമിച്ച് ഭക്ഷിക്കുവാനും അവസരമുണ്ടാകാതിരിക്കയും അങ്ങനെ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാതെയും, അറിയാതെയും, അതുവഴി അനീതികളോട് എതിരിടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് അവര്‍ക്ക് പ്രിയം.
ഇത് ഒരു ഇടത്-വലത് വിഷയമാണെന്ന് ഞാന്‍ കരുതുന്നില്ല. സ്വീഡനിലെ ഇടതുപക്ഷ ഗവണ്മെന്റ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതേ ഇല്ല. എന്നാല്‍ കാലിഫോര്‍ണിയയിലെ ഇടത് ഗവണ്മെന്റ് പ്രഖ്യാപിച്ചു. ബ്രസീലിലെ വലതുപക്ഷ ഗവണ്മെന്റ് രാജ്യം അടച്ചിട്ടില്ല എന്നാല്‍ ഇന്ത്യയിലെ വലതുപക്ഷ ഗവണ്മെന്റ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സമൂഹത്തിലെ വലിയൊരു ജനവിഭാഗം ഇരുദിശകളില്‍ ഒന്നിലേക്ക് മൗലികവാദികളായി മാറാനുള്ള സാധ്യതയുമുണ്ട്.
തൊഴിലില്ലായ്മ വലിയൊരു ദുരന്തത്തിന് സമാനമായിക്കൊണ്ടിരിക്കുന്നു. പരിഭ്രാന്തിയിലായ ജനങ്ങളെ സ്വന്തം അയല്‍വാസിയെപറ്റി ചാരവൃത്തി നടത്തുവാനും ഉദ്യോഗസ്ഥരെ വിവരമറിയിക്കുവാനും പ്രചോദിപ്പിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. സമഗ്രാധിപത്യ നടപടികള്‍ സത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നു എന്ന് മാത്രമല്ല സ്വാഗതം ചെയ്യുന്നുമുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമായി ജീവിതം നയിച്ചിരുന്നവര്‍ പലരും ഇന്ന് ഗവണ്മെന്റുകളുടെ ആശ്രിതരായി മാറിക്കഴിഞ്ഞു.
സാമൂഹിക സുരക്ഷാ മാര്‍ഗങ്ങള്‍ അത്ര ശക്തമല്ലാത്ത ഇന്ത്യയില്‍ കൃത്യമായ അജണ്ടകളുമായി മൂന്നാം കക്ഷികള്‍ കളംപിടിക്കുന്ന അവസ്ഥയാണുള്ളത്. കൃത്യമായി പറഞ്ഞാല്‍, അര്‍ദ്ധ-സര്‍ക്കാര്‍ അധികാരങ്ങള്‍ കൈക്കലാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് ‘അവശ്യ’ സേവനങ്ങള്‍ എത്തിക്കാനെന്നവണ്ണം ആര്‍.എസ്.എസ് കളംപിടിച്ചു കഴിഞ്ഞു.
പൊലീസ് ചെക്‌പോസ്റ്റുകളില്‍ പരിശോധനക്കും, മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരോടൊപ്പം വീടുവീടാന്തരം സ്‌ക്രീനിങ്ങിനും ഭക്ഷണം വിതരണം ചെയ്യുന്നിടത്തും നമ്മള്‍ ആര്‍.എസ്.എസ്സിനെ കാണുന്നുണ്ട്. ഇതുവഴിയൊക്കെ ആര്‍.എസ്.എസ് സമാന്തര സൈനികതക്ക് സ്വീകാര്യതയും സ്വാഭാവികതയും ലഭിക്കുകയും ജനങ്ങള്‍ അവരെ ആശ്രയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകും. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ മുഖം മാത്രമായിരുന്നു ബി.ജെ.പി. എന്നാല്‍ ഈ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ അവര്‍ പരസ്യമായേറ്റെടുക്കുന്നതാണ് കാണാന്‍ സാധിച്ചത്.
ഇന്ത്യന്‍ പൊതുസമൂഹത്തിനുമേലെ പിടിമുറുക്കുന്നതില്‍ ഈ പ്രതിസന്ധി ആര്‍.എസ്.എസ്സിനെ ചെറുതായൊന്നുമല്ല സഹായിച്ചത്.
ജനജീവിതങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നവ-ഉദാരീകരണ മുതലാളിത്ത ഗവണ്മെന്റുകളും ലാഭ കേന്ദ്രീകൃത ആരോഗ്യ സംവിധാനങ്ങളുടെയും പരാജയവുമാണ് ഈ പ്രതിസന്ധി വഷളാക്കിയത് എന്ന വാദത്തോട് യോജിക്കുന്നുണ്ടോ?
കേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ പരാജയവും വികേന്ദ്രീകരണത്തിന്റെ ആവശ്യകതയുമാണ് മറ്റെന്തിനേക്കാളും ഈ പ്രതിസന്ധി തുറന്നു കാണിച്ചത്. ഒരു ഗവണ്‍മെന്റ് അമിതമായ അധികാരം കൈപ്പിടിയിലൊതുക്കുന്നത്, തീര്‍ച്ചയായും , പ്രശ്‌നം തന്നെയാണ്. ഒരു ഗവണ്‍മെന്റും സര്‍വാധികാരി ആകാന്‍ പാടില്ല. ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങള്‍ക്ക് ബാധകമാകുന്ന നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടത് ആ ദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും അറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന പ്രാദേശിക ഭരണാധികാരികളായിരിക്കണം. അകലങ്ങളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന ഭരണസംവിധാനങ്ങള്‍ ഒരിക്കലും കൃത്യമാവില്ല.
അമേരിക്കയില്‍ ഒട്ടുമിക്ക കൊവിഡ് കേസുകളും ന്യൂയോര്‍ക് സിറ്റി, ലോസ് ആഞ്ചലസ് പോലെയുള്ള മെട്രോപൊളിറ്റന്‍ മേഖലകളിലാണ്. നഗര പ്രദേശങ്ങളാണ് കൂടുതല്‍ കൊവിഡ് ഭീഷണിയില്‍ എന്നിരിക്കെ, രാജ്യത്തെ 20 ശതമാനം ആളുകള്‍ അധിവസിക്കുന്ന ഗ്രാമപ്രദേശങ്ങളിലും സമാനമായ ലോക്ഡൗണ്‍ മാര്‍ഗങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. കേന്ദ്രീകൃത അധികാരം കയ്യാളുന്ന സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ‘ഒരേ അളവ് ഏവര്‍ക്കും’ എന്നതാണ് നടപ്പാക്കുന്നത്.
ഉദാഹരണത്തിന് എന്റെ കുടുംബം താമസിക്കുന്ന കാലിഫോര്‍ണിയയിലെ പ്ലേസര്‍ പ്രവിശ്യ പരിശോധിക്കാം. നാല് ലക്ഷത്തിന് മുകളിലാണ് അവിടുത്തെ ജനസംഖ്യ. ഇതുവരെ എട്ട് കൊവിഡ് മരണങ്ങളാണ് അവിടെ രേഖപ്പെടുത്തിയത്. ഒരു ലക്ഷം ആളുകളില്‍ രണ്ടുപേര്‍ മരണപ്പെടുന്നു എന്നാണ് പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഒരു ലക്ഷം വ്യക്തികള്‍ക്ക് 7000 എന്ന കണക്കിലാണ് തൊഴില്‍ നഷ്ടമായത്.
അധികാരം വികേന്ദ്രീകരിക്കപ്പെടുകയും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നാട്ടില്‍ നടക്കുന്നതെന്തെന്നു പരിശോധിക്കുവാനും മനസിലാക്കുവാനും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാനും സാധിച്ചിരുന്നെങ്കില്‍ അമേരിക്കയുടെ വലിയൊരു ഭാഗം ഇതിനോടകം തുറന്നേനെ. ലോക്ഡൗണ്‍ ഉണ്ടാകുമായിരുന്നില്ല. പ്ലേസര്‍ പ്രവിശ്യയിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത് അവിടെ കൊവിഡ് ഒരു മഹാമാരിയായി മാറിയിട്ടില്ലെന്നും ആരോഗ്യ പ്രതിസന്ധിപോലും നിലവിലില്ലെന്നുമാണ്. അധികാരം കേന്ദ്രീകരിക്കപ്പെട്ട അവസ്ഥയില്‍ അത് സ്വതന്ത്ര സമൂഹങ്ങളെ തിരികെ കൊണ്ടുവരാനുള്ള പ്രാദേശിക പ്രവര്‍ത്തങ്ങളില്‍ നിന്നും തടയുന്നു എന്നുള്ളതാണ് പ്രധാന പ്രശ്‌നം.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ പൗരാവകാശ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് കൊവിഡ് എന്ന് ലോക്ഡൗണിനിടയിലും സാകൂതം തുടരുന്ന സഫൂറ സര്‍ഗാര്‍, ആനന്ദ് തെല്‍തുംടെ മുതല്‍ സാധാരണക്കാരായ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റുകള്‍ മുന്‍നിര്‍ത്തി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ദല്‍ഹിയില്‍ മാത്രമല്ല, തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പോലും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുകള്‍ നടത്തിയിരുന്നു.
ലോകത്തൊട്ടാകെ ലോക്ഡൗണ്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ഒത്തുചേരാനുള്ള അവകാശവും, മതപരമായ അവകാശങ്ങളും, യുക്തിരഹിതമായ റെയ്ഡുകളില്‍ നിന്നും വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനെതിരെയുമുള്ള അവകാശം, തൊഴിലവകാശം, ചിലപ്പോഴൊക്കെ ആശയസ്വാതന്ത്ര്യവും ഒക്കെ പൊതുജനാരോഗ്യത്തിന്റെ പേരുപറഞ്ഞു തകര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് അപകടകരമായ ഒരു കീഴ്‌വഴക്കമാണ്. നിലവിലെ പ്രതിസന്ധി മുന്‍നിര്‍ത്തി നമ്മുടെ മൗലികാവകാശങ്ങള്‍ ഹനിക്കുകയാണെങ്കില്‍ മറ്റു സമയങ്ങളിലും അവ റദ്ദുചെയ്യപ്പെടുകയില്ലേ?
പൗരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയത്തിന്റെ പാരമ്യതയുടെ പേരിലായിരിക്കും ഈ കാലഘട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തുക. മോദിക്ക് ഇരുമ്പ് മറകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട്, യാതൊരുവിധ തിരിച്ചടികളെയും ഭയപ്പെടാതെ, കരുക്കള്‍ നീക്കുവാനുള്ള സുവര്‍ണാവസരമാണ് ലോക്ഡൗണ്‍.
ഈ സമയത്തിനിടയിലും സഫൂറ സര്‍ഗാര്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റുകള്‍ വ്യക്തമാക്കുന്നത് മോദിയുടെ മുന്‍ഗണനാ ക്രമങ്ങള്‍ എന്തൊക്കെയാണ് എന്നാണ്. എതിര്‍ ശബ്ദങ്ങളെ എങ്ങനെയും ഇല്ലാതാക്കുകയാണ് അവര്‍ക്ക് വേണ്ടത്. പൗരാവകാശങ്ങള്‍ ഇന്ത്യയില്‍ മുന്‍പേ തന്നെ അങ്ങേയറ്റം ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു.
പൗരത്വ നിയമ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തീവ്രവാദ വിരുദ്ധ നിയമം ചുമത്തി സഫൂറയെ തടവിലിട്ട അതേ പോലീസ് തന്നെയാണ് ആഴ്ചകള്‍ക്കു മുന്‍പ് ദല്‍ഹി മുസ്ലിം വംശഹത്യക്ക് കൂട്ടുനിന്നത്. അതായത് അവര്‍ തന്നെ ഭരണകൂട തീവ്രവാദത്തിന്റെ കൊടിവാഹകരായിരുന്നു.
മനീഷ് സിരോഹിയുടെ കേസ് പരിശോധിച്ച് നോക്കൂ. ദല്‍ഹി വംശഹത്യാ സമയത്ത് കലാപകാരികള്‍ക്ക് തോക്കെത്തിച്ചുകൊടുത്തു എന്നതാണ് സിരോഹിക്കെതിരെയുള്ള ചാര്‍ജ്. എന്നാല്‍ മെയ്മാസം തുടക്കത്തില്‍ സിരോഹിക്ക് ജാമ്യം നല്‍കി. സഫൂറയും സിരോഹിയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരേ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നോര്‍ക്കണം.
എന്നാല്‍ ഗര്‍ഭിണി കൂടിയായ സഫൂറ സര്‍ഗാര്‍ ജയിലിനുള്ളില്‍ കഴിയുമ്പോള്‍ സിരോഹിക്ക് കൊവിഡ് പിടിപെട്ടാലോ എന്ന കരുതലില്‍ ജാമ്യം അനുവദിക്കുന്നു. അതേസമയം പ്രതീക്ഷകള്‍ക്ക് വകനല്‍കുന്ന തരത്തില്‍, തെല്‍തുംദെയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൈസൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രത്യക്ഷത്തില്‍ ലോക്ഡൗണ്‍ ലംഘനമാണ്. എന്നാല്‍ ഇത്തരത്തിലുള്ള അഹിംസാത്മകമായ നിയമലംഘന സമര മാര്‍ഗങ്ങള്‍ തന്നെയാണ് മൗലികാവകാശ സംരക്ഷണങ്ങള്‍ക്കായി ലോകത്തെമ്പാടുമുള്ളവര്‍ ചെയ്യേണ്ടത്.
പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അടുത്ത ആഗോള പോരാട്ടത്തിന് നാന്ദി കുറിക്കുന്ന വര്‍ഷമായിരിക്കും 2020.
ഏകാധിപത്യ സ്വഭാവമുള്ള ഗവണ്‍മെന്റുകളാണ് ഈ പ്രതിസന്ധിയെ മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യുന്നത് എന്ന വാദം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഈ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം ലോകത്തെ ഏകാധിപത്യ ഭരണാധികാരികളാണ്. മനുഷ്യകുലത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ നശിപ്പിക്കുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ‘ഞങ്ങള്‍’ ‘നിങ്ങള്‍’ എന്നുവേര്‍തിരിച്ച് ജനങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസം വളര്‍ത്തിയെടുക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്.
നിരവധി ജനാധിപത്യ രാജ്യങ്ങള്‍ പോലും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഏകാധിപത്യ സ്വഭാവത്തിലാണ് പെരുമാറുന്നത്. ഭാവിയില്‍ കടുത്ത സാമൂഹിക ക്ലേശത്തിലേക്കും ദുരിതങ്ങളിലേക്കും ആയിരിക്കും ഇത് കൊണ്ടെത്തിക്കുക.
സദുദ്ദേശമുള്ള സ്വേച്ഛാധിപതി എന്ന് കരുതി നാം കല്‍പിച്ചുകൊടുക്കുന്ന അധികാരങ്ങള്‍ നാളെ ക്രൂരനായ ഭരണാധികാരിയുടെ കൈകളില്‍ എത്തിപ്പെടും എന്നതും മറക്കരുത്. മോദിയുടെ കാര്യത്തില്‍ സവിശേഷമായി, ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ അദ്ദേഹം സാമ്പത്തിക പ്രതിസന്ധി കൂടി ആക്കി മാറ്റിയത് എങ്ങനെ എന്ന് നോക്കൂ.
എന്നാല്‍ അടുത്തിടെ നടന്ന സര്‍വേ പ്രകാരം 90 ശതമാനത്തിന് മുകളില്‍ ആളുകള്‍ കരുതുന്നത് നരേന്ദ്ര മോദി ഈ പ്രതിസന്ധിയെ മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യുന്നു എന്നാണ്.
സര്‍വേ നടത്തിയവരില്‍ എത്രപേര്‍ കുടിയേറ്റ തൊഴിലാളികളുണ്ട്? എത്രപേര്‍ ദിവസക്കൂലിക്കാരുണ്ട്? ഓട്ടോറിക്ഷ ഓടിക്കുന്നവരും, തെരുവ് കച്ചവടക്കാരും, വീട്ടുജോലിക്കാരും, പാചകക്കാരും എത്രപേരുണ്ട്? ലോക്ഡൗണ്‍ കാരണം ജോലി നഷ്ടത്തിലായ 122 മില്യണ്‍ ആളുകളില്‍ നിന്നും എത്രപേരെ സര്‍വേ ചെയ്തു?
നിരന്തരമായി ആക്രമിക്കുകയും, അരികുവത്കരിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന 14 ശതമാനം മുസ്ലിം ജനസമൂഹത്തില്‍ നിന്നും എത്രപേര്‍ സര്‍വേയില്‍ പ്രതികരിച്ചു? ലോക്ഡൗണ്‍ ലംഘിച്ചു എന്ന് പറഞ്ഞു പോലീസുകാര്‍ തല്ലിക്കൊന്ന ആളുകളുടെ കുടംബത്തില്‍ നിന്നും എത്ര പേരെ സര്‍വേ ചെയ്തു?
ഇത്തരം സര്‍വേകളെ അങ്ങേയറ്റം സംശയിക്കണം. ഓരോ സംസ്ഥാനത്തു നിന്നും എത്ര ആളുകള്‍ പ്രതികരിച്ചു? എന്തായിരുന്നു അവരുടെ സാമൂഹിക-സാമ്പത്തിക പരിതസ്ഥിതി? ലാന്‍ഡ് ഫോണോ മൊബൈലോ ഇല്ലാത്ത ജനകോടികളെ സര്‍വേയില്‍ ഉള്‍പ്പെടുത്താന്‍ എന്ത് മാര്‍ഗം സ്വീകരിച്ചു? തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ 90 ശതമാനം വോട്ട് നേടി വിജയിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് സമാനമാണ് ഇത്, തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നത് തീര്‍ച്ചയായിരിക്കും.
എന്തുതന്നെയായാലും, യാഥാര്‍ഥ്യം ഇത്തരം വോട്ടിംഗുകള്‍ പറയുന്നത് പോലെയോ അല്ല.
മോദി യഥാര്‍ത്ഥത്തില്‍ ‘ഇന്ത്യയിലേക്ക്’ ഇറങ്ങി വന്നിട്ടുണ്ടോ? ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ മറ്റേതോ രാജ്യത്തെ പ്രധാനമന്ത്രിയാണ് താന്‍ എന്ന നിലക്കാണ് പ്രത്യക്ഷപ്പെട്ടത്. സാമാന്യം സമ്പത്തുള്ള, ജനതയുടെ ഭൂരിഭാഗവും നഗര പ്രാന്തങ്ങളില്‍ താമസിക്കുന്ന ഒരു രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് മൂന്നില്‍ രണ്ട് ജനവിഭാഗവും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന, ദശലക്ഷക്കണക്കിന് ആളുകള്‍ തെരുവില്‍ ഉറങ്ങുന്ന, കോടികള്‍ കുടിയേറ്റ തൊഴിലാളികളായുള്ള ഒരു രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
അതും നിലവില്‍ വരുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം. ട്രാഫിക് സിഗ്‌നലുകളിലും തെരുവിലും ഭിക്ഷയെടുക്കുന്ന നിരവധി മനുഷ്യര്‍ക്കായി മോദി എന്ത് ചെയ്തു? റെയില്‍വേ സ്റ്റേഷനുകളിലും മത കേന്ദ്രങ്ങളിലും ചന്തകളിലും അലഞ്ഞു തിരിയുന്ന കാഴ്ചയില്ലാത്തവരും മാനസിക നില തെറ്റിയവരുമായ ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തു? ട്രെയിനുകളെ ആശ്രയിച്ചു ജീവിക്കുന്ന ‘ചായ വാലകള്‍ക്കായി’ എന്ത് ചെയ്തു?
നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്ന മോദിയുടെ രീതി ഒന്നുകില്‍ ഒരു ഉന്മാദിയുടേത് അല്ലെങ്കില്‍ ഒരു സ്വേച്ഛാധിപതിയുടേത് എന്ന നിലക്കാണ്. രണ്ടു നിലക്കായാലും ഒരേ പര്യവസാനമാണ്: അദ്ദേഹത്തിന്റെ നയങ്ങള്‍ മനുഷ്യ ജീവിതങ്ങളെ എത്രമാത്രം ബാധിക്കുന്നു എന്നത് ചിന്തിക്കുന്നതേയില്ല.
അമേരിക്കയിലേക്ക് വരികയാണെകില്‍, നിലവിലെ പ്രതിസന്ധിക്ക് കാരണക്കാരനയി ഡോണള്‍ഡ് ട്രംപിനെ താങ്കള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുമോ? അതോ കാലങ്ങളായി കുത്തഴിഞ്ഞുകിടക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുക മാത്രമാണോ അമേരിക്കന്‍ പ്രസിഡന്റ്?
പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് അമേരിക്കയില്‍ വലിയ ഒരു വേദിയുണ്ട്. എന്തിനേക്കുറിച്ചും അഭിപ്രായം പറയുകയും ചെയ്യും. എന്നാല്‍, അമേരിക്കയില്‍ ഒരു വികേന്ദ്രീകൃത ഭരണ സംവിധാനമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആഭ്യന്തര അധികാരങ്ങള്‍ നിയന്ത്രിതമാണ്. ദേശീയ അടച്ചിടല്‍ പ്രഖ്യാപിക്കാന്‍ ട്രംപിന് അധികാരമില്ല. എല്ലാ ലോക്ഡൗണുകളും അമേരിക്കയില്‍ ഗവര്‍ണര്‍മാരാണ് പ്രഖ്യാപിച്ചത്. അവരാണ് അത് നീക്കുവാനും അധികാരപ്പെട്ടവര്‍.
അമേരിക്കയില്‍ ഒട്ടാകെ ഹോസ്പിറ്റലുകളില്‍ താത്കാലിക ടെന്റുകള്‍ കെട്ടുവാനും മിലിറ്ററി ആശുപതി കപ്പലുകള്‍ വിന്യസിക്കുവാനും കോടികളാണ് ചെലവിട്ടത്. അവയൊന്നും ഒരിക്കലും ഉപയോഗിക്കപ്പെടുകയുണ്ടായില്ല. പൊതു പാര്‍ക്കുകള്‍ ഉപയോഗിക്കുന്നതിനും, ബീച്ചില്‍ നടക്കാനിറങ്ങിയതിനും ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധം നടത്തിയതിനും നിരവധി ആളുകളെയാണ് അറസ്റ്റ് ചെയ്തത്.
ന്യൂയോര്‍ക് നഗരത്തില്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 80 ശതമാനവും ആഫ്രോ-അമേരിക്കന്‍ വിഭാഗക്കാരോ ലാറ്റിനോകളോ ആണ്. ലോക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ പേരില്‍ ന്യൂനപക്ഷ ജനവിഭാഗത്തില്‍ പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി.
2019 ന്റെ അവസാനം തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 വര്‍ഷത്തിലെ ഏറ്റവും കൂടിയ സ്ഥിതിയിലാണ്. അവശ്യ സാധനങ്ങള്‍ അല്ലാത്ത കടകള്‍ തുറന്ന കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയും ‘സ്വാര്‍ത്ഥര്‍’ എന്ന് മുദ്രകുത്തുകയുമാണ് ചെയ്യുന്നത്. ‘എന്റെ മക്കളുടെ വിശപ്പടക്കുന്നത് സ്വാര്‍ത്ഥതയാണോ’ എന്നവര്‍ തിരികെ ചോദിക്കുന്നു.
സാമ്പത്തികമായി തകര്‍ന്നടിഞ്ഞവരും ബുദ്ധിമുട്ടനുഭവിക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വാള്‍ സ്ട്രീറ്റ് ജോലിക്കാരോ അല്ല, മറിച്ച് 40000 ഡോളറിനു താഴെ മാത്രം വാര്‍ഷിക വരുമാനമുള്ള നിരവധി ആളുകളാണ്. ഈ വസ്തുതകള്‍ മുന്നിലുണ്ടായിട്ടും എന്തുകൊണ്ട് ഗവര്‍ണര്‍മാര്‍ ഇടപെടുന്നില്ല? ന്യൂനപക്ഷ വിഭാഗക്കാരോടും, തുച്ഛമായ വേതനം ലഭിക്കുന്നവരോടും യാതൊരു അനുകമ്പയും ഇല്ലേ?
രാജ്യത്തെ ഏറ്റവും വലിയ ഉച്ചഭാഷിണി കയ്യിലുള്ള ട്രംപ്, ഈ ഗൗരവപ്പെട്ട വിഷയങ്ങളില്‍ ഒരു വാക്കുപോലും ഉരിയാടാത്തത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
സാന്‍ഡേഴ്‌സ് പിന്മാറി. ഒബാമയും ഹിലരിയും ഉള്‍പ്പെടെ ജോ ബൈഡനു പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. നവംബറില്‍ എന്ത് സംഭവിക്കും എന്നാണ് താങ്കള്‍ കരുതുന്നത്?
ബേര്‍ണി സാന്‍ഡേഴ്‌സ് ഒരു പ്രതീക്ഷ തന്നെ ആയിരുന്നു. ലാഭത്തേക്കാള്‍ ജനങ്ങളെ വിലമതിക്കുന്ന ഒരു സമൂഹമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നതുപോലെ, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉള്ളിലുള്ളവര്‍ തന്നെ അദ്ദേഹത്തെ വെറുത്തിരുന്നു, സാന്‍ഡേഴ്‌സിന്റെ പരാജയത്തിനായി പണിയെടുക്കുകയും ചെയ്തിരുന്നു.
ഇനി 2020ലെ മത്സരം ട്രംപും ബൈഡനും തമ്മിലാണ്. ഇരുവരും മാനസിക ജീര്‍ണതയും ലൈംഗിക അതിക്രമവും ആരോപിക്കപ്പെട്ടവര്‍ ആണ്. അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ സാമ്രാജ്യത്വ നയങ്ങളില്‍ കാര്യമായ മാറ്റം ഇരുവരും കൊണ്ടുവരുമെന്ന് കരുതാനാവില്ല. ബൈഡനും ട്രംപും അമേരിക്കയെ ലോക പൊലീസ് ആയി തന്നെയാണ് കാണുന്നത്.
അമേരിക്ക പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ ഇവരില്‍ ആരും അവസാനിപ്പിക്കില്ല. കൂടാതെ, വംശീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക അസമത്വം, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണം നിഷേധിക്കപ്പെടല്‍ തുടങ്ങി നിരവധി അടിയന്തിര വിഷയങ്ങളില്‍ പോലും യാതൊരു മാറ്റവും ഉണ്ടാകില്ല.
മനുഷ്യാവകാശങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ-അമേരിക്ക ബന്ധത്തിന് കൂടുതല്‍ യോജിക്കുക ഏതു പ്രസിഡണ്ട് ആണെന്ന് പറയുവാന്‍ സാധ്യമല്ല. അമേരിക്കയിലും ഇന്ത്യയിലും മെഗാ ഇവന്റുകളില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട് ട്രംപും മോദിയും വളരെ അടുത്ത നിലയിലാണ് എന്നാണ് പൊതു വായന. അതേസമയം ബി.ജെ.പിയോട് അടുപ്പമുള്ള അമിത് ജാനി എന്നയാള്‍ ബൈഡന്റെ സീനിയര്‍ ക്യാമ്പയിന്‍ സ്റ്റാഫ് ആയി തന്നെയുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ അമി ബേരയുമായും രാജ കൃഷ്ണമൂര്‍ത്തിയുമായും ബൈഡനു അടുത്ത ബന്ധമാണ്. ബേര മോദിയുടെ വലിയ ആരാധകനാണ്. കൃഷ്ണമൂര്‍ത്തിയാകട്ടെ അമേരിക്കയിലെ ആര്‍.എസ്.എസ് പരിപാടികളിലെ മുഖ്യാതിഥിയും.
നമ്മള്‍ എല്ലാവരും സ്വതന്ത്രരായാണ് ജനിച്ചത് എന്ന വാസ്തവം മുന്‍പത്തേക്കാള്‍ ഉപരിയായി നമ്മള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണ് ഇപ്പോള്‍. നമ്മുടെ അവകാശങ്ങള്‍ ഗവണ്മെന്റുകളില്‍ നിന്നല്ല വരുന്നത്. ഉദാഹരണത്തിന്, അമേരിക്കന്‍ ഭരണഘടന നിരവധി വ്യക്തി അവകാശങ്ങളെ വകവെച്ചു നല്‍കുന്നുണ്ട്. എന്നാല്‍ അവയൊക്കെയും ഭരണഘടനയില്‍ പ്രതിപാദിക്കുന്നതിനാല്‍ നമുക്കു ലഭിക്കുന്നതല്ല, നമ്മള്‍ മനുഷ്യരായതിനാലാണ്.
ഏകാധിപതികള്‍ തങ്ങളുടെ അജണ്ടകള്‍ നീക്കുവാനും അധികാരം കൈക്കലാക്കുവാനും ഈ പ്രതിസന്ധിയെ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. അതിനേക്കാളുപരി ഈ പൊതുജനാരോഗ്യ പ്രതിസന്ധിക്കു മികച്ച പരിഹാരങ്ങള്‍ കണ്ടെത്താന്‍ പണിയെടുക്കേണ്ടതുമുണ്ട്. നമുക്ക് ‘ആസാദി’ ഉള്ളപ്പോള്‍ മാത്രമാണ് മനുഷ്യരാശി ഉയരങ്ങളിലെത്തുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക