പിതാവിനെ ഗോരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തി; കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാലെങ്കിലും നീതി ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പെഹ്‌ലുഖാന്റെ മക്കള്‍
national news
പിതാവിനെ ഗോരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തി; കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാലെങ്കിലും നീതി ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പെഹ്‌ലുഖാന്റെ മക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 9:43 am

ആല്‍വാര്‍: പിതാവിനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷം ഇപ്പോള്‍ വീണ്ടും പുതിയ കേസെടുത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതികരണവുമായി പെഹ്‌ലുഖാന്റെ മക്കള്‍. പെഹ്‌ലുഖാനെതിരെ പശു മോഷണത്തിനാണ് പുതിയ കേസെടുത്തിരിക്കുന്നത്.

‘പിതാവിനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തി, ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിരിക്കുകയാണ്. രാജസ്ഥാനില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മാറുമ്പോള്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയില്ല.’ പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.

കുറ്റപത്രത്തില്‍ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ് 29ന് ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരും പെഹ്ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊലക്കേസില്‍ പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.