| Friday, 12th July 2019, 7:37 am

പെഹ്‌ലുഖാന്‍ കേസില്‍ പുനരന്വേഷണത്തിന് രാജസ്ഥാന്‍ പൊലീസിന് കോടതിയുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആല്‍വാര്‍: രാജസ്ഥാനില്‍ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പെഹ്‌ലുഖാനും അദ്ദേഹത്തിന്റെ മക്കള്‍ക്കും ട്രക്ക് ഡ്രൈവര്‍ക്കുമെതിരെ എടുത്ത കാലിക്കടത്ത് കേസില്‍ പുനരന്വേഷണത്തിന് ആല്‍വാര്‍ കോടതിയുടെ അനുമതി. ചാര്‍ജ് ഷീറ്റ് റീ ഓപണ്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് അഞ്ച് ദിവസം മുമ്പാണ് കോടതിയെ സമീപിച്ചിരുന്നത്.

പെഹ്‌ലുഖാന്റെ മക്കളായ ആരിഫ്, ഇര്‍ഷാദ് ഖാന്‍, ട്രക്ക് ഉടമയായ ഖാന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ ഡിസംബറിലാണ് രാജസ്ഥാന്‍ പൊലീസ് കാലി മോഷണത്തിന് കേസെടുത്തിരുന്നത്. കുറ്റപത്രത്തില്‍ പെഹ്‌ലുഖാന്റെ പേരും പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു.

ഇരകള്‍ക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

കേസില്‍ മുന്‍വിധിയോടെയുള്ള അന്വേഷണമാണ് നടന്നതെന്നും പുനരന്വേഷണം വേണ്ടി വന്നാല്‍ നടത്തുമെന്നും നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെഹ്ലോട്ട് പറഞ്ഞിരുന്നു.

ആദ്യകുറ്റപത്രത്തില്‍ പെഹ്ലു ഖാന്റെ സഹപ്രവര്‍ത്തകരായിരുന്ന റഫീഖ്, അസ്മത് എന്നിവര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

രണ്ടാമത് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് പെഹ്ലു ഖാന്റെ മക്കളുടെ പേരും ഉള്‍പ്പെട്ടത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more