ജയ്പൂര്‍: പെഹ്ലുഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചതായി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ആര്‍.പി സിങ് എ.എന്‍.ഐയോട് പറഞ്ഞു.
പൊലീസിന്റെ കേസന്വേഷണത്തിലെ അപാകതകളും പരിമിതികളും കണ്ടെത്താന്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഓഗസ്റ്റിലാണ് ആറ് പ്രതികളെയും വെറുതെവിടുന്നെന്ന് അല്‍വാര്‍ വിചാരണക്കോടതി വിധി പറഞ്ഞത്. വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികളെ വെറുതെ വിടുന്നതെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ കേസില്‍ ഇടപെട്ടത്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തായിരുന്നു പൊലീസിന്റെ കേസന്വേഷണം.
കേസിലെ അന്വേഷണങ്ങളില്‍ അപൂര്‍ണതയുണ്ടെന്ന് അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്. പെഹ്ലു ഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ തെളിവായി ഹാജരാക്കിയില്ലെന്നും കാര്യങ്ങള്‍ വേണ്ട രീതിയില്‍ രേഖപ്പെടുത്തുകയോ ശരിയായ നിയമ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.
ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.