| Saturday, 29th September 2018, 3:56 pm

പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ സാക്ഷി പറയാന്‍ പോയ മക്കള്‍ക്കുനേരെ വെടിവെപ്പ്; എങ്ങനെ കോടതിയില്‍ ഹാജരാകുമെന്ന് സാക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ സാക്ഷി പറയാന്‍ പോയവര്‍ക്കുനേരെ വെടിവെപ്പ്. കറുത്ത സ്‌കോര്‍പിയോയിലെത്തിയ ഒരു സംഘം ഇവരുടെ വാഹനം പിന്തുടരുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയും നിര്‍ത്താത്തതിനെ തുടര്‍ന്ന് ചീത്തവിളിക്കുകയുമായിരുന്നു. ഈ സ്‌കോര്‍പിയോയ്ക്ക് നമ്പര്‍ പ്ലേറ്റില്ലാത്തതിനാല്‍ സംശയം തോന്നിയാണ് നിര്‍ത്താതിരുന്നതെന്നാണ് സംഭവ സമയത്ത് സാക്ഷികള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അസദ് ഹയത് പറയുന്നത്.

ശനിയാഴ്ച രാവിലെ അല്‍വാര്‍ ദേശീയ പാത എട്ടിലായിരുന്നു സംഭവം. പെഹ്‌ലു ഖാന്റെ മകന്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് ആക്രമണം നടന്നത്.

“സാക്ഷിയായ അസ്മത്ത്, റഫീഖ്, പെഹ്‌ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, അറിഫ് എന്നിവരും ഡ്രൈവര്‍ അംജദും ഞാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കോടതിയില്‍ മൊഴി നല്‍കാനായി പോകുകയായിരുന്നു ഞങ്ങള്‍. നീംറാന ക്രോസ് ചെയ്തപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്തഒരു കറുത്ത സ്‌കോര്‍പിയോ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്യുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.”

Also Read:ആപ്പിള്‍ എക്‌സിക്യുട്ടീവിനെ യു.പി പൊലീസ് വെടിവെച്ചു കൊന്നു: വെടിവെച്ചത് സ്വയം പ്രതിരോധത്തിനെന്ന് പൊലീസ്

നമ്പര്‍ പ്ലേറ്റ് കാണാത്തതുകൊണ്ട് സംശയം തോന്നിയതിനാലാണ് തങ്ങള്‍ വാഹനം നിര്‍ത്താതിരുന്നതെന്ന് ഇര്‍ഷാദ് പറയുന്നു. “വാഹനം അടുത്തെത്തിയതോടെ അതിലുണ്ടായിരുന്നവര്‍ തങ്ങളെ ചീത്തവിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തശേഷം വെടിയുതിര്‍ക്കുകയായിരുന്നു.” ഇര്‍ഷാദ് പറയുന്നു.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് യൂടേണ്‍ എടുക്കേണ്ടി വന്നെന്നും ഹയാത് പറയുന്നു. “വാഹനം നിര്‍ത്താതായതോടെ അവര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അവര്‍ ഞങ്ങളെ പിന്തുടരുന്നുണഅടായിരുന്നു. പിന്നീട് മറ്റൊരു ഊടുവഴിയിലൂടെ ഞങ്ങള്‍ അല്‍വാറിലെത്തി എസ്.പിയെ കാണുകയായിരുന്നു.” അദ്ദേഹം പറയുന്നു.

“വഴിപോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. നാട്ടുകാരോട് ചോദിച്ചാണ് പോയത്. ഞങ്ങള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ ആര് സാക്ഷി പറയുമായിരുന്നു.” ഇര്‍ഷാദ് ചോദിക്കുന്നു.

Also Read:“ഞങ്ങള്‍ ബി.ജെ.പിയെ വിശ്വസിച്ചു, യോഗി മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷിച്ചു, പക്ഷേ ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്”: കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ ഭാര്യ പറയുന്നു

ബെഹ്‌റോര്‍ പൊലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഇര്‍ഷാദ് പറഞ്ഞു. എഫ്.ഐ.ആറില്‍ പറഞ്ഞിരുന്ന ആറ് പേര്‍ക്ക് അവര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. അതുകൊണ്ടാണ് നേരിട്ട് എസ്.പിയെ തന്നെ സമീപിച്ചത്. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഞങ്ങള്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷയുടെ പേരില്‍ അല്‍വാറിനെ ക്രിമിനലുകള്‍ തല്ലിക്കൊന്നത്. ആക്രമണം നടക്കുന്ന സമയത്ത് പെഹ്‌ലു ഖാനൊന്നും ഇര്‍ഷാദും ആരിഫും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more