| Thursday, 15th August 2019, 7:50 am

പെഹ്‌ലുഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്, സര്‍ക്കാര്‍ അപ്പീല്‍ പോകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പെഹ്‌ലുഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുകയാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ഈ മാസം രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കിയിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ആല്‍വാര്‍ അഡിഷണല്‍ സെഷന്‍സ് കോടതി കേസിലെ ആറു പേരെയും വെറുതെ വിട്ടത്. പെഹ്‌ലു ഖാന്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.

പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് പെഹ്‌ലുഖാന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കേസില്‍ വിധിപ്രഖ്യാപനം കഴിഞ്ഞ് ഉടനെയായിരുന്നു അഭിഭാഷകനായ അക്തര്‍ ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്.

പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിരയായത്.

Latest Stories

We use cookies to give you the best possible experience. Learn more