| Tuesday, 5th November 2019, 4:12 pm

പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ടകൊലപാതകം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസ് അന്വേഷിച്ച നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പെഹ്‌ലു ഖാന്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കേസുമായി ബന്ധപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് ബ്രാഞ്ച് നടപടികള്‍ ആരംഭിച്ചത്.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി എല്‍ സോണിയാണ് ഇക്കാര്യം അറിയിച്ചത്.

സംശത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ ആറ് പ്രതികളെയും ആല്‍വാര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

പെഹ്‌ലു ഖാന്‍ കേസില്‍ ആദ്യം ബെഹ്റോ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ രമേശ് ചന്ദ് സിന്‍സിന്‍വാറാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന്, ഇത് ബെഹ്റോ സര്‍ക്കിള്‍ ഓഫീസര്‍ പര്‍മല്‍ സിങ്ങിലേക്കും തുടര്‍ന്ന് ജയ്പൂര്‍ പരിധിയിലുള്ള കോട്പുത്‌ലിയുടെ അഡീഷണല്‍ എസ്.പിയായ രാംസ്വരൂപ് ശര്‍മയിലേക്കും മാറ്റുകയായിരുന്നു.

പിന്നീട് അഡീഷണല്‍ എസ്.പി, സി.ബി സി.ഐ.ഡിയായ ഗോവിന്ദ് ദേതയും കേസന്വേഷിച്ചു.

പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ ആറ് പ്രതികളെയും അല്‍വാര്‍ കോടതി കുറ്റവിമുക്തരാക്കിയ നടപടിക്ക് ശേഷമാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

കേസില്‍ വലിയ പാളിച്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ അന്വേഷണ സംഘം വരുത്തിയ പിഴവുകള്‍ പിന്നീട് വന്ന അന്വേഷണ സംഘം തിരുത്തിയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2017 ഏപ്രില്‍ ഒന്നിനാണ് ഗോ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ദല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ പെഹ്‌ലു ഖാന്‍ പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയതായിരുന്നു. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3ന് മരിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഒന്‍പത് പേരെ പ്രതിചേര്‍ത്തിരുന്നു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു.

ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെഹ്‌ലു ഖാന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more