| Sunday, 8th August 2021, 6:31 pm

പെഗാസസിനെ കുറിച്ച് ഒന്നും ആരും മിണ്ടരുതെന്ന് ഉദ്യോഗസ്ഥരോട് ബി.ജെ.പി; അട്ടിമറി ശ്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ശശി തരൂര്‍ എം.പി. ഐ.ടി പാര്‍ലമെന്ററി പാനല്‍ ജൂലൈ 28ന് നടത്തിയ യോഗത്തില്‍ പെഗാസസ് വിഷയം ചര്‍ച്ചയാകാതിരിക്കാനായി ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തിയതായാണ് പാനല്‍ ചെയര്‍മാനായ ശശി തരൂര്‍ വെളിപ്പെടുത്തിയത്.

പാനല്‍ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് യോഗത്തില്‍ ഹാജരാകേണ്ടതില്ലെന്ന് ബി.ജെ.പി നിര്‍ദേശം നല്‍കിയിരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. അവസാന മിനിറ്റില്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ നിന്നും ഒഴിവായതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹാജരാകാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിട്ടുണ്ട്.

പൗരന്മാരുടെ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ജൂലൈ 28ലെ മീറ്റിങ്ങ്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, ആഭ്യന്തര വകുപ്പ്, ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെയായിരുന്നു മീറ്റിങ്ങിലേക്ക് വിളിപ്പിച്ചിരുന്നത്.

ഈ മീറ്റിങ്ങില്‍ പെഗാസസും ചര്‍ച്ചയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഉദ്യേഗസ്ഥരോട് ഹാജരാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചതെന്നാണ് വിലയിരുത്തലുകള്‍.

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതിനെതിരെയും തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. പാര്‍ലമെന്റിനെ അവഹേളിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷത്തിന്റെ നടപടികളെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.

രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്ന ഇത്രയേറെ ഗുരുതരമായ വിഷയത്തില്‍ ഒരു തരത്തിലും പ്രതികരിക്കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്റിനെ ശരിക്കും അവഹേളിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

പെഗാസസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് താന്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിലവിലെ ജഡ്ജിയോ, അടുത്ത കാലത്ത് വിരമിച്ചവരോ ആയ ജസ്റ്റിസുമാര്‍ക്ക് നിഷ്പക്ഷമായ അന്വേഷണം നടത്താനാവുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കാറുള്ളുവെന്ന് എന്‍.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pegaus, Shashi Tharoor says officials may have been instructed to skip last meet

We use cookies to give you the best possible experience. Learn more