| Friday, 18th March 2022, 11:28 am

25 കോടിക്ക് പെഗാസസ് സ്‌പൈവെയര്‍ വാങ്ങാന്‍ ഞങ്ങള്‍ക്ക് ഓഫര്‍ ലഭിച്ചിരുന്നു: മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെഗാസസ് സ്പൈവെയര്‍ വാങ്ങാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഓഫര്‍ ലഭിച്ചിട്ടുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇസ്രഈല്‍ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പാണ് 25 കോടി രൂപക്ക് തങ്ങളുടെ സ്‌പൈവെയര്‍ ബംഗാള്‍ പൊലീസിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്ന് മമത ബാനര്‍ജി പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്കും ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ സ്‌പൈവെയര്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താന്‍ ഓഫര്‍ നിരസിച്ചതായി സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത പറഞ്ഞു.

’25 കോടി രൂപ നല്‍കിയാല്‍ എന്‍.എസ്.ഒ ഗ്രൂപ്പ് അവരുടെ പെഗാസസ് സ്‌പൈവെയര്‍ തരാമെന്ന് നാലോ അഞ്ചോ വര്‍ഷം മുമ്പ് ഞങ്ങളുടെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ വന്ന് പറഞ്ഞു. സ്‌പൈവെയര്‍ ജഡ്ജിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്നതിനാല്‍ ഞാന്‍ അത് നിരസിക്കുകയായിരുന്നു,’ മമത കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈലി സ്‌പൈവെയര്‍ ഉപയോഗിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘സ്‌പൈവെയറുകള്‍ ഉപയോഗിക്കാം, അത് ദേശ വിരുദ്ധതയെ ഊട്ടിഉറപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ വേണ്ടത്, രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാവരുത്. അത് ജഡ്ജിമാര്‍ക്കെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ ഉപയോഗിക്കരുത്,’ മമത അഭിപ്രായപ്പെട്ടു.

പെഗാസസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച മൂന്നംഗ സാങ്കേതിക സമിതി കഴിഞ്ഞ മാസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെയായിരുന്നു പെഗാസസ് ലക്ഷ്യമിട്ടിരുന്നതെന്ന് ദ വയര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Content Highlights: Pegasus was offered to Bengal police for Rs 25 crore: Mamata

We use cookies to give you the best possible experience. Learn more