ന്യൂദല്‍ഹി: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് ബി.ജെ.പി. നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍.എസ്.എസ്. നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്നാണ്
സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.
വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. അതിനു ശേഷം താന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.