ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍.
സമിതിയില്‍ മൂന്ന് പേരുണ്ടാകും.
പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.
ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിവാദം കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pegasus snooping row: SC order independent probe