|

പെഗാസസ്; അന്വേഷണത്തിന് വിദഗ്ദ സമിതി; ഉത്തരവ് അടുത്തയാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹരജിയുടെ വിധി അടുത്ത ആഴ്ചയില്‍ ഉണ്ടാകുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എം.വി. രമണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റോരു കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഈ കാര്യം പരാമര്‍ശിച്ചത്.

‘ഈ ആഴ്ചയ്ക്ക് മുന്‍പ് തന്നെ ഉത്തരവ് പുറപ്പെടുവിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വിദഗ്ധ സമിതിയിലെ ചില അംഗങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് വിധി വൈകുന്നത്,’ ചീഫ് ജസ്റ്റിസ് എം.വി. രമണ പറഞ്ഞു.

അടുത്തയാഴ്ചയ്ക്കകം തന്നെ പെഗാസസ് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നും രമണ അറിയിച്ചു.

ഇതിനായി വിദഗ്ധ സമിതിയെ കോടതി ഉടന്‍ തീരുമാനിക്കുമെന്നും കേസിലെ ഹര്‍ജിക്കാരുടെ പ്രധാന അഭിഭാഷകനായ കപില്‍ സിബലിനെ ഇക്കാര്യം അറിയിക്കുമെന്നും കോടതി പറഞ്ഞു.

സെപ്റ്റംബര്‍ 13ന് നടന്ന ഹിയറിംഗില്‍, സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍.

ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്യുകവഴി പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം ഭീകരരെ അറിയിക്കുന്നതിന് തുല്യമാണ്. ഇത് രാജ്യ സുരക്ഷയേയാണ് ബാധിക്കുക, സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍ രാജ്യസുരക്ഷയെക്കുറിച്ചല്ല വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയോ എന്നാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചാലും റിപ്പോര്‍ട്ട് സാധാരണഗതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ച സത്യവാങ്മൂലമായി കണക്കാക്കുമെന്നും പൊതു രേഖയുടെ വിഷയമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍, തങ്ങള്‍ക്ക് രാജ്യ സുരക്ഷയെ തടസ്സപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്നും എന്നാല്‍ രാജ്യത്തെ സാധാരണക്കാരുടെ പോലും ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ വലിയ സുരക്ഷാ വീഴ്ചയാണെന്നും വ്യക്തമാക്കി.

ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pegasus Row: Supreme Court Says Setting Up Probe Panel, Order Next Week