ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തല്‍. മുന്‍ സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദ വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019 ഒക്ടോബര്‍ 23നാണ് സി.ബി.ഐ. മേധാവി സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കുന്നത്. സ്ഥാനത്ത് നിന്ന് നീക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള മൂന്ന് ഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സര്‍വീസ് തീരാന്‍ മൂന്ന് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത്.
റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും കേസ് എടുക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്ന് സി.ബി.ഐ. സെപ്ഷ്യല്‍ ഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരെ കേസെടുക്കണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
അലോക് വര്‍മയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മരുമകന്‍ തുടങ്ങിയവരുടെ സ്വകാര്യ ടെലിഫോണ്‍ നമ്പറുകളും നിരീക്ഷിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പറുകളാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്.