ജെറുസലേം: ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ന്യായീകരിച്ച് മാതൃ കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുന്നതും തെരുവുകള്‍ സുരക്ഷിതമായിരിക്കുന്നതും പെഗാസസ് പോലുള്ള സോഫ്റ്റ് വെയര്‍ കാരണമാണെന്നാണ് കമ്പനി പറഞ്ഞത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് എന്‍.എസ്.ഒയുടെ പ്രതികരണം.
‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുന്നു, സുരക്ഷിതമായി തെരുവുകളില്‍ നടക്കുന്നു, പെഗാസസിനും സമാനമായ സാങ്കേതികവിദ്യകള്‍ക്കും നന്ദി, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനും ഇവ സഹായിക്കുന്നു, ”എന്‍.എസ്.ഒയുടെ വക്താവ് പറഞ്ഞു.
നേരത്തെ ഫോണ്‍ ചോര്‍ത്തലില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് എന്‍.എസ്.ഒ. ഗ്രൂപ്പ് പറഞ്ഞത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചിരുന്നു.