അമ്മാന്‍: ഇസ്രഈല്‍ നിര്‍മിത സ്‌പൈവെയറായ പെഗാസസ് ജോര്‍ദാനില്‍ ടാര്‍ഗറ്റ് ചെയ്തവരില്‍ 35ലധികം മനുഷ്യാവകാശ അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെന്ന് റിപ്പോര്‍ട്ട്. ജോര്‍ദാന്‍ നടത്തിയ ഫോറന്‍സിക് അന്വേഷണമാണ് 2019 മുതല്‍ പെഗാസസ് ലക്ഷ്യമിട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2019ല്‍ നടന്ന രാജ്യവ്യാപകമായ അധ്യാപക സമരവും തുടര്‍ന്നുള്ള അധ്യാപക സംഘടനയുടെ പിരിച്ചുവിടലും പണ്ടോറ പേപ്പേഴ്സ് ആന്‍ഡ് സ്യൂസ് സീക്രട്ട്സ് ചോര്‍ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് പെഗാസസിന് ഇരകളായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജോര്‍ദാനിലെ പെഗാസസ് സ്‌പൈവെയറിന്റെ ഉപയോഗത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇരകളുടെ യഥാര്‍ത്ഥ എണ്ണം വളരെ കൂടുതലാണെന്നും ഡിജിറ്റല്‍ അവകാശ സംഘടനയായ ആക്സസ് നൗവിന്റെ പ്രസ്താവനയില്‍ പറയുന്നു.
ടൊറന്റോ യൂണിവേഴ്സിറ്റിയിലെ സിറ്റിസണ്‍ ലാബുമായി നടത്തിയ സംയുക്ത അന്വേഷണത്തില്‍ രാജ്യത്ത് സ്പൈവെയറിന്റെ ഉപയോഗം
വ്യാപകമായ രീതിയില്‍ വര്‍ധിച്ചതായി ആക്സസ് നൗ ചൂണ്ടിക്കാട്ടി. ജോര്‍ദാനില്‍ ഡിജിറ്റല്‍ അടിച്ചമര്‍ത്തല്‍ കൂടുന്നതായും സംഘടന കൂട്ടിച്ചേര്‍ത്തു.
2019 മുതല്‍ ജോര്‍ദാനിലെ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിക്കുന്നതിനായി വിദേശ സര്‍ക്കാരുകള്‍ പെഗാസസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹാക്ക് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണത്തില്‍ ജോര്‍ദാന്‍ ആസ്ഥാനമായുള്ള ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ അധിനിവേശത്തെയും ഇസ്രഈലുമായുള്ള ജോര്‍ദാന്റെ കരാറിനെയും എതിര്‍ത്തുകൊണ്ടുള്ള പൊതു പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Pegasus hacked, including more than 35 Palestinian activists