പെഗാസസില്‍ അടിയന്തരമായി ഇടപെടണം; സുപ്രീംകോടതിയ്ക്ക് 500 പൗരന്‍മാരുടെ കത്ത്
Pegasus Project
പെഗാസസില്‍ അടിയന്തരമായി ഇടപെടണം; സുപ്രീംകോടതിയ്ക്ക് 500 പൗരന്‍മാരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 10:56 am

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ 500 പൗരന്‍മാരുടെ കത്ത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പുവെച്ച തുറന്ന കത്ത് അയച്ചിരിക്കുന്നത്.

രാജ്യത്ത് അനീതി നടക്കുകയാണെങ്കില്‍ അതിനെതിരെ നിലകൊള്ളാന്‍ ജുഡീഷ്യറിയുണ്ടാകും എന്ന എന്‍.വി. രമണയുടെ പ്രസ്താവനയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ഇസ്രാഈല്‍ ചാരസംഘടനയുടെ സോഫ്റ്റ്‌വെയര്‍ വഴി ചോര്‍ത്തുന്നത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കമുള്ള അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.

‘ഈ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അധികാരവും കടമയും സുപ്രീംകോടതിക്ക് ഉണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം,’ കത്തില്‍ പറയുന്നു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന ഈ വിഷയത്തില്‍ സുപ്രീംകോടതി ഒട്ടും സമയം കളയാതെ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.

പെഗാസസ് ചോര്‍ത്തല്‍ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രതയേയും ആധികാരികതയേയും പൊതുജനമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. ഈ തരത്തിലുള്ള ചോര്‍ത്തലുകളും ഹാക്കിംഗുകളും രാഷ്ട്രീയത്തടവുകാരുടെ അനധികൃതമായ തടവിനും കസ്റ്റഡി മരണത്തിനും വരെ കാരണമായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പെഗാസസിന്റെ കയറ്റുമതി, വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവയ്ക്ക് ഇന്ത്യയില്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍, അക്കാദമിക്, മനുഷ്യാവകാശ സംരക്ഷകര്‍, അഭിഭാഷകര്‍, ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ എന്നിവരെ നിരീക്ഷിക്കാന്‍ തീവ്രവാദത്തിനെതിരായി സര്‍ക്കാരുകള്‍ക്ക് മാത്രം വില്‍ക്കുന്ന സൈനിക നിലവാരത്തിലുള്ള സ്‌പൈവെയര്‍ ഉപയോഗിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയേയും കുടുംബത്തേയും പെഗാസസ് വഴി നിരീക്ഷിച്ചുവെന്നതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം ഫോണ്‍ ചോര്‍ത്തലുകളില്‍ ലിംഗസമത്വം പോലും ഹനിക്കപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.

‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം പെഗാസസ് അഴിമതി വളരെ ആശങ്കയുണ്ടാക്കുന്നു. ഭരണകൂടത്തിനെക്കുറിച്ചും ഭരണകൂട അധികാര സ്ഥാനങ്ങളിലുള്ള പുരുഷന്മാരെക്കുറിച്ചും സംസാരിക്കുന്നത് അവരുടെ ജീവിതം ശാശ്വതമായി നശിപ്പിക്കപ്പെടും എന്ന സന്ദേശമാണ് ഇത്തരം നിരീക്ഷണങ്ങളിലൂടെ നല്‍കുന്നത്,’ കത്തില്‍ പറഞ്ഞു.

മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയണമെന്ന് കത്തില്‍ പറയുന്നു. ഇതിനായി എത്ര രൂപ ചെലവഴിച്ചെന്നും ആരുടെ നിര്‍ദേശമാണ് ഇതിന് പിന്നിലെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

അരുണ റോയ്, അഞ്ജലി ഭരദ്വാജ്, ടീസ്ത സെതല്‍വാദ്, കവിത ശ്രീവാസ്തവ, അരുന്ധതി റോയ്, ടി.എം കൃഷ്ണ, കവിത കൃഷ്ണന്‍, മനോജ് ഝാ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ലോകത്തെ വിവിധ ഭാഗങ്ങളിലെ ഉന്നതരുടെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുവെന്ന് മാധ്യമങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pegasus Citizens pen open letter to CJI seeking SC intervention