തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിനു സമീപത്ത് വച്ചായിരുന്നു അപകടം. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രസംഘത്തിനു മുന്നില്‍ മൊഴി നല്‍കാനുള്ള യാത്രയിലായിരുന്നു പീതാംബരക്കുറുപ്പ്.
ഇന്ന് 12 മണിക്ക് ഹാജരാവനാണ് കേന്ദ്രസംഘം പീതാംബരക്കുറിപ്പിനു നോട്ടീസ് നല്‍കിയത്. വെടിക്കെട്ട് നടത്താന്‍ പീതാംബരക്കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്നായിരുന്നു ഇത്.
ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്. അതേസമയം അപകടം ഉണ്ടായതിനെ തുടര്‍ന്ന് പീതാംബരക്കുറുപ്പ് ഇന്ന് കേന്ദ്രസംഘത്തിന് മുന്നില്‍ ഹാജരാകുമോ എന്ന കാര്യം വ്യക്തമല്ല.
ജില്ലാ കളക്ടര്‍ നിരോധിച്ച കമ്പം നടത്താന്‍ മുന്‍ കൊല്ലം എം.പി കൂടിയായ പീതാംബരക്കുറുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.
ജില്ലാ ഭരണകൂടം കമ്പം നിരോധിച്ചുവെന്ന പരവൂര്‍ വില്ലേജ് ഓഫീസറുടെ ഉത്തരവ് ഏപ്രില്‍ 8ന് വൈകിട്ട് ക്ഷേത്രത്തിലെത്തുമ്പോള്‍ പീതാംബരക്കുറുപ്പ് അവിടെ ഉണ്ടായിരുന്നു.
കമ്പം ഉപേക്ഷിക്കാന്‍ ക്ഷേത്ര ഭരണസമിതി ഏകദേശ ധാരണയിലെത്തിയെങ്കിലും പിന്നീട് കമ്പം നടത്താന്‍ പീതാംബരക്കുറുപ്പിന്റെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സഹായം ലഭിച്ചെന്നാണ് മൊഴി.