കസ്റ്റഡിമരണം; അന്വേഷണ സംഘത്തില്‍ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും
Kerala News
കസ്റ്റഡിമരണം; അന്വേഷണ സംഘത്തില്‍ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2019, 8:31 am

ഇടുക്കി: പീരുമേട് കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച രാജ്കുമാറിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ നിയമനത്തില്‍
വീഴ്ച്ചയെന്ന് ആരോപണം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തില്‍ കാല്‍ക്കോടി രൂപ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനുമുണ്ട. നേരിട്ട ഉദ്യോഗസ്ഥന്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്.

കേസിലെ അന്വേഷണം സംഘത്തിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായിട്ടാണു കൈകൂലി കേസില്‍ ആരോപണ വിധേയനായ സി.ഐ സാജു വര്‍ഗീസിനെ ക്രൈംബ്രാഞ്ച് എഡിജിപി നിയമിച്ചിരിക്കുന്നത്.

മംഗലാപുരത്ത് മെഡിക്കല്‍ സീറ്റിനു നല്‍കിയ 70 ലക്ഷം രൂപ തിരികെ വാങ്ങി നല്‍കിയതിനു കമ്മിഷന്‍ ഇനത്തില്‍ സിനിമ നിര്‍മാതാവില്‍ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയതാണ് സാജു വര്‍ഗീസിന് എതിരായ കേസ്. സിനിമ നിര്‍മാതാവ് കോട്ടയം ജില്ല പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍, അന്നു കോട്ടയം ജില്ലയില്‍ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണു കേസ് അന്വേഷിച്ചത്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ 9 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ ഇതു വരെ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

രാജ്കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുമാര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ഉരുട്ടലിനു വിധേയനായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യുമോണിയയിലേക്കു നയിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.