പീരുമേട് കസ്റ്റഡി മരണം; പൊലീസിന് വീഴ്ച പറ്റിതായി റിപ്പോര്‍ട്ട്; എസ്.പി.യുടേയും ഡി.വൈ.എസ്.പിയുടേയും പങ്ക് പരിശോധിക്കുമെന്ന് ബെഹ്‌റ
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി അവഗണിക്കുകയായിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ വരുന്ന ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചാണ് ഈ മാസം 13നും 14നും 2 തവണയായി, മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്.
വായ്പ തട്ടിപ്പ് കേസില്‍ പിടിയിലായ വാഗമണ്‍ സ്വദേശി കുമാര്‍ കസ്റ്റഡിയില്‍ തീര്‍ത്തും അവശനാണെന്നു കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചു അടുത്ത 2 ദിവസം കൂടി കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു. 16ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജീസ്‌ടേറ്റിന്റെ മുന്നില്‍ കുമാറിനെ ഹാജരാക്കിയത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കുമാറിനെ 4 ദിവസം അനധിക്യതമായി സൂക്ഷിച്ച വിവരം കട്ടപ്പന ഡി.വൈ.എസ്.പി, ഇടുക്കി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ അറിഞ്ഞിരുന്നു എന്നത് ഇതോടെ വ്യക്തമാകുകയാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ മാത്രം നടപടി വന്നതോടെ പൊലീസിലെ തന്നെ ഒരു വിഭാഗം കുമാറിന്റെ അവശത സംബന്ധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത വിവരം പുറത്തു വിടുകയായിരുന്നു.
അവശനായ രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ലെന്നും പരാതി ഉണ്ട്. ഈ മാസം 19 ന് ഒപിയില്ലെന്ന് പറഞ്ഞ് തിരികെ കൊണ്ടുപോവുകയായിരുന്നു.
അത്യാഹിത വിഭാഗത്തില്‍ രാജ്കുമാറിനെ പ്രവേശിപ്പിച്ചതിന് രേഖകള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ എസ്.പിയ്ക്കും ഡി.വൈ.എസ്.പിയ്ക്കും വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌സനാഥ് ബെഹ്‌റ പറഞ്ഞു. കസ്റ്റഡിയിലെടുക്കുമ്പോഴുള്ള സര്‍ക്കുലര്‍ ഉത്തരവുകള്‍ പാലിച്ചോ എന്ന് പരിശോധിക്കും.
പ്രത്യേക അന്വഷണ സംഘത്തോട് അടുത്ത മാസം 10 ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു. കസ്റ്റഡി മരണം ആവര്‍ത്തിക്കാതിക്കാന്‍ മോണിറ്ററിങ് സംവിധാനം കൊണ്ടുവരുമെന്നും ബെഹ്‌റ പറഞ്ഞു.
നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷന്‍ രേഖകളും സിസി ടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.
കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.
ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്.
ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴി എടുക്കും.
രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ്കുമാറിനെ ഒ.പി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പൊലീസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം.
ജൂണ്‍ 19 ന് രാജ്കുമാറിന്റ് പേര് മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒ.പിയില്‍ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.
ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് മരിച്ചത്.
രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.